കൂറ്റനാട് > മലയാള സിനിമയിൽ കലാസംവിധായകനായി മികവുതെളിയിച്ച് തമിഴിൽ അരങ്ങേറ്റം നടത്തിയ അജയൻ ചാലിശേരിക്ക് ആദ്യചിത്രമായ ‘മാര’യിലൂടെ 2021ലെ മികച്ച കലാസംവിധായകനുള്ള സ്റ്റുഡിയോ ഫ്ലിക്സ് അവാർഡ്. തമിഴിലെ ആദ്യസിനിമയിൽ തന്നെ അവാർഡ് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് അജയൻ. 2021 ജനുവരി എട്ടിനാണ് മാരാ തിയറ്ററുകളിൽ എത്തിയത്.
ചാലിശേരി ദേവി ടാക്കീസിൽ വരുന്ന സിനിമകളെല്ലാം സ്ഥിരമായി കണ്ടാണ് അജയനിൽ സിനിമാപ്രേമം മൊട്ടിട്ടത്. തമിഴ് സിനിമകളോട് പ്രത്യേക താൽപ്പര്യമായിരുന്നു. ചാലിശേരിയിലെയും പരിസര പ്രദേശങ്ങളിലേയും മുൻ തലമുറയുടെ മനസിൽ ഒളിമങ്ങാത്ത ഓർമയായി ദേവി ടാക്കീസ് കാലചക്രത്തിൽ നിലച്ചുപോയെങ്കിലും അജയനിലെ കലാകാരനെ സിനിമ അകത്തേക്ക് വിളിച്ചു. തമിഴ് അക്ഷരത്തിൽ തിരശീലയിൽ ‘പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശേരി’ എന്ന് തെളിഞ്ഞപ്പോൾ അത് നാടിനാകെ അഭിമാനമായി.
കലാസംവിധാനത്തിന് ഏറെ പ്രാധാന്യമുള്ളതും കരിയറിലെ ഏറ്റവും ദൈർഘ്യമേറിയതുമായ മലയാള ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ സെറ്റ് അവസാനിച്ച് അധികനാളായിട്ടില്ല. തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രങ്ങളിലാണ് അജയന്റെ അടുത്ത ഊഴം. സിനിമകൾക്കിടയിൽ കഫേ – ഹോട്ടൽ ഡിസൈനിങ്ങും അജയൻ ചെയ്യുന്നുണ്ട്.
ചാലിശേരിയിലെ തുളസി ഡിസൈൻസ് എന്ന ചെറിയ സ്ഥാപനത്തിൽ ബോർഡും ബാനറും നമ്പർ പ്ലേറ്റുമൊക്കെ എഴുതിയാണ് ചിത്രകലാരംഗത്തേക്ക് പ്രവേശിച്ചത്. കവുക്കോട് കൊല്ലഴി പറമ്പിൽ പരേതനായ അപ്പുണ്ണിയുടെയും മീനാക്ഷിയുടെയും നാല് മക്കളിൽ മൂത്തയാളാണ് അജയൻ. അച്ഛൻ അപ്പുണ്ണി ചിത്രംവര, വാദ്യം, നാടൻ കല എന്നിവയിൽ അറിയപ്പെട്ടിരുന്ന കലാകാരനാണ്. ഇളയ സഹോദരൻ അഭിലാഷ് ചാലിശേരി ചുമർചിത്ര രചനയിൽ സജീവമാണ്. ഭാര്യ: സബിത. മക്കൾ: ദയക്കുട്ടി, യുവാൻ.