തിരുവനന്തപുരം
ഫിഷറീസ് വകുപ്പിന്റെ 8300 കോടിയിലധികം രൂപയുടെ പദ്ധതിപുരോഗതി 12ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം വിലയിരുത്തും. തീരദേശ സമഗ്ര വികസനവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികൾ സമയബന്ധിതമാക്കുന്നതിനാണിത്. മേഖലാതല ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. ജലവിഭവ, തുറമുഖ വകുപ്പുകളുടെ തീരപദ്ധതികളും ചേരുമ്പോൾ 11,000 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ കൃത്യമായ ഇടവേളകളിലെ അവലോകനവും തുടർനടപടിയും ഉറപ്പാക്കും.
ഫിഷറീസ് വകുപ്പിന്റെ പദ്ധതിവിഹിതമായി 3118 കോടി രൂപ വിനിയോഗിക്കും. 815 കോടി നടപ്പുവർഷത്തേതാണ്. മാർക്കറ്റ് നവീകരണവും സ്കൂളുകളുടെയും ആശുപത്രികളുടെയും പശ്ചാത്തല സൗകര്യ വികസനവുമുൾപ്പെടെയാണിത്. കിഫ്ബിയിൽ 519 കോടിയുടെ 57 സ്കൂൾ നവീകരണം, 51 മാർക്കറ്റ് നവീകരണം, മൂന്നു തീരസംരക്ഷണ പദ്ധതി, ഹാർബർ നിർമാണം തുടങ്ങിയവയുണ്ട്. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽനിന്ന് 100 കോടിയുടെ പ്രവൃത്തിയുണ്ട്.
വികസിക്കുന്ന തുറമുഖങ്ങൾ
പതിനേഴ് തുറമുഖ അടിസ്ഥാന സൗകര്യ വികസന പദ്ധതി പുരോഗമിക്കുന്നു. കിഫ്ബിയിൽ പരപ്പനങ്ങാടി (82.22 കോടി), ചെത്തി (97.44 കോടി), നബാർഡ് പദ്ധതിയിൽ ചെല്ലാനം (10.37 കോടി), തങ്കശേരി (6.25 കോടി), വെള്ളയിൽ (6.5 കോടി), പുതിയാപ്പ (2.25 കോടി), താനൂർ പുലിമുട്ട് (14.87 കോടി), വെള്ളയിൽ പുലിമുട്ട് (22.33 കോടി), തങ്കശേരി (5.14 കോടി), നീണ്ടകരയിലെ അറ്റകുറ്റപ്പണിയും അടിസ്ഥാന സൗകര്യ വികസനവും (10 കോടി), നീണ്ടകര ശക്തികുളങ്ങര (34.5 കോടി), കായംകുളത്ത് ബർത്തിങ് സൗകര്യം (7.8 കോടി), ഓഖി വികസന പദ്ധതിയിൽ നീണ്ടകര, തോട്ടപ്പള്ളി, കായംകുളം രണ്ടാംഘട്ടവും, കാസർകോട്, മുനമ്പം പുലിമുട്ടുകളുടെ നീളം വർധിപ്പിക്കലും (ആകെ 54.7 കോടി).
പുനർഗേഹം: 114 ഫ്ലാറ്റുകൂടി
തീരത്തെ 18,685 കുടുംബത്തെ മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ കൊല്ലം ക്യുഎസ്എസ് കോളനിയിൽ പൂർത്തിയായ 114 ഫ്ലാറ്റ് ഫെബ്രുവരിയിൽ കൈമാറും. 10,949 ഗുണഭോക്താക്കളെ ജില്ലാതലത്തിൽ അംഗീകരിച്ചു. മാറിത്താമസിക്കാൻ സമ്മതമറിയിച്ച 7682 കുടുംബത്തിൽ 945 പേർക്ക് വീട് നിർമാണം പൂർത്തിയായി. 276 ഫ്ലാറ്റ് കൈമാറി. 2053 പേർക്ക് ഭൂമി രജിസ്റ്റർ ചെയ്തു. 2847 പേരുടെ ഭൂമിവില നിശ്ചയിച്ചു.