കൊച്ചി
കെ -റെയിൽ പദ്ധതിക്ക് പൂർണ പിന്തുണ നൽകാൻ എൻസിപി നേതൃയോഗം തീരുമാനിച്ചു. ഭാവി കേരളത്തിന്റെ ഏറ്റവും വലിയ വികസനമുദ്രയായിരിക്കും സിൽവർ ലൈനെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കായി എല്ലാജില്ലകളിലും വിശദീകരണയോഗങ്ങൾ നടത്തും. പദ്ധതിക്ക് അനുമതി വൈകിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ 25ന് ജില്ലാ കേന്ദ്രങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾക്കുമുന്നിൽ ധർണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പാർടി അംഗത്വവിതരണം ഏപ്രിലിൽ പൂർത്തിയാവും. മേയിൽ സംഘടനാ തെരഞ്ഞെടുപ്പുനടക്കും. ജനറൽ സെക്രട്ടറി കെ ആർ രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പി കെ രാജനും വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷിനും യോഗം സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി ജി രവീന്ദ്രൻ, സുഭാഷ് പുഞ്ചക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.