കൊല്ലം > എൻ കെ പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ മുൻമന്ത്രിയും ആർഎസ്പി സമുന്നത നേതാവുമായിരുന്ന ആർ എസ് ഉണ്ണിയുടെ കോടികൾ വിലയുള്ള സ്വത്ത് തട്ടിയെടുക്കാൻ നടത്തിയത് ആസൂത്രിത ശ്രമം. 2016ൽ എൻ കെ പ്രേമചന്ദ്രൻ ചെയർമാനും ആർ എസ് ഉണ്ണിയുടെ ബന്ധു കെ പി ഉണ്ണിക്കൃഷ്ണൻ സെക്രട്ടറിയുമായി രൂപീകരിച്ച ആർ എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടന്നതെന്നാണ് ആരോപണം.
ബിൽഡിങ് നമ്പർ 6/ 61, കോമോസ് ബിൽഡിങ്, രാമൻകുളങ്ങര, കാവനാട് എന്ന വിലാസത്തിലാണ് ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തത്. ആർ എസ് ഉണ്ണിയുടെ മകൾ രമണിയെ 2012 മുതൽ കാണാതായതിനെ തുടർന്ന് 2019ലാണ് അവകാശികളായ കൊച്ചുമക്കൾ അഞ്ജന വി ജയ്യും അമൃതയും സ്വത്തിൽ അവകാശം സ്ഥാപിക്കാൻ നടപടി ആരംഭിച്ചത്. ഇതിനിടെയാണ് ദീർഘകാലമായി ആൾപ്പാർപ്പില്ലാതിരുന്ന 24 സെന്റും വീടും ഉൾപ്പെടുന്ന വസ്തുവിൽ കഴിഞ്ഞ മേയിൽ ബോർഡ് വച്ച് ഫൗണ്ടേഷൻ ഓഫീസ് തുടങ്ങിയത്. കെ പി ഉണ്ണിക്കൃഷ്ണൻ സ്വന്തം പേരിൽ അനധികൃതമായി വൈദ്യുതി കണക്ഷനും എടുത്തു. ഇവിടെ യോഗങ്ങളും മറ്റും ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്പി സ്ഥാനാർഥിയായ ഷിബുബേബി ജോണിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചു.
ഫൗണ്ടേഷൻ രൂപീകരണം കുടുംബത്തെപ്പോലും അറിയിച്ചില്ലെന്ന് ചെറുമകൾ അഞ്ജന വിജയ് പറയുന്നു. ഫൗണ്ടേഷനുവേണ്ടി ആർ എസ് ഉണ്ണി നേരത്തെ മൂന്നുസെന്റ് പാർടിക്ക് നൽകിയിരുന്നു. എന്നാൽ, കെ പി ഉണ്ണിക്കൃഷ്ണൻ ആ വസ്തു വിറ്റു. വീടും വസ്തുവും കൈയേറിയത് തിരികെ നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫൗണ്ടേഷൻ പ്രസിഡന്റായ എൻ കെ പ്രേമചന്ദ്രൻ എംപിയെ സമീപിച്ചെങ്കിലും നിയമനടപടി വിലക്കിയതായി അഞ്ജന പറഞ്ഞു. കെ പി ഉണ്ണിക്കൃഷ്ണനെ മുൻനിർത്തി സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കത്തിൽ പ്രേമചന്ദ്രന് പങ്കുണ്ടെന്നും അഞ്ജന പറയുന്നു.
സാമൂഹ്യസേവന, കാരുണ്യപ്രവർത്തന സംഘടനയെന്ന നിലയിൽ ഫൗണ്ടേഷൻ എല്ലാ വർഷവും ബാലൻസ് ഷീറ്റ് ഉൾപ്പെടെ സമർപ്പിക്കണം. ഇതുവരെ അത് ചെയ്തിട്ടില്ലെന്നും പണം പിരിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും അഞ്ജന ആരോപിക്കുന്നു. അതേസമയം അനധികൃതമായി കൈക്കലാക്കിയ സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ ഫൗണ്ടേഷൻ കോടതിയിൽ കവിയറ്റ് ഫയൽ ചെയ്തിരിക്കുകയാണ്.
രാഷ്ട്രീയമായും നിയമപരമായും നേരിടും: ആർഎസ്പി
എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ആർഎസ്പി ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമാണിത്. വിവാദ വസ്തുവിൽ അവകാശം ഉന്നയിച്ച് ഏതെങ്കിലും അധികാരസ്ഥാനത്ത് അപേക്ഷയോ പരാതിയോ നൽകിയിട്ടില്ല- വേണുഗോപാൽ പറഞ്ഞു.