തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേർക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമ്പൂർണ വാക്സിനേഷൻ 81 ശതമാനമായതായും (2,14,87,515) ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,80,17,883 ഡോസ് വാക്സിനാണ് നൽകിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകൾ 100 ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ നടത്തിയിട്ടുണ്ട്. ഒമിക്രോൺ സാഹചര്യത്തിൽ സംസ്ഥാനത്തെ വാക്സിനേഷൻ വളരെ വേഗം മുന്നോട്ട് പോകുന്നത് ആശ്വാസകരമാണ്. 100 ശതമാനം പേരേയും വാക്സിനെടുപ്പിച്ച് സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 70,852 കുട്ടികൾക്ക് വ്യാഴാഴ്ച വാക്സിൻ നൽകി. 10,141 ഡോസ് വാക്സിൻ നൽകിയ പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്. 6739 പേർക്ക് വാക്സിൻ നൽകി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 6374 പേർക്ക് വാക്സിൻ നൽകി തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 2,15,515 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ആകെ 14 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാനായെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 5384, കൊല്ലം 6739, പത്തനംതിട്ട 3410, ആലപ്പുഴ 3251, കോട്ടയം 5443, ഇടുക്കി 5386, എറണാകുളം 5132, തൃശൂർ 6374, പാലക്കാട് 10141, മലപ്പുറം 4099, കോഴിക്കോട് 5393, വയനാട് 3458, കണ്ണൂർ 3254, കാസർഗോഡ് 3388 എന്നിങ്ങനേയാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്.
കുട്ടികൾക്കായി 677 വാക്സിനേഷൻ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 917 വാക്സിനേഷൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1594 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
ജനുവരി 10 വരെ നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
content highlights:first dose of vaccination cross 98 percent says health minister