തിരുവനന്തപുരം: ജന്മനാ ഇരുചെവികൾക്കും കേൾവി ശക്തി ഇല്ലാതെ ജനിച്ച കെൻസികയുടെ ചികിത്സയ്ക്കായി സഹായം തേടുകയാണ് ഒരു കുടുംബം. തിരുവനന്തപുരത്ത് താമസിക്കുന്ന നരേഷ് – ഹേമലത ദമ്പതികളുടെ ഏക മകൾ കെൻസികയ്ക്ക് ജന്മനാ കേൾവി ശക്തി തുലോം കുറവാണ്. കോക്ലിയർ ഇംപ്ലാന്റ് സ്ഥാപിച്ചാൽ കുട്ടിയ്ക്ക് 90 ശതമാനത്തോളം കേൾവിവീണ്ടെടുക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇതിന് 35 ലക്ഷം രൂപയോളം ചെലവാകുമെന്നതാണ് സ്വകാര്യ ഹോട്ടൽ ജീവനക്കാരനായ നരേഷിനെ വലയ്ക്കുന്നത്.
തന്റെ വരുമാനവും സുഹൃത്തുക്കളുടെ സഹായവും ചേർന്നിട്ടും കൂട്ടിയാൽ മുട്ടാത്ത ചെലവുകണക്കിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഇദ്ദേഹം. 2017ലാണ് കെൻസിക ജനിച്ചത്. തമിഴ്നാട്ടിലായിരുന്നു ജനനം. ജനന സമയത്ത് കൃത്യമായ പരിശോധനയ്ക്ക് ജനനം നടന്ന ആശുപത്രിയിൽ സൗകര്യമുണ്ടായിരുന്നില്ല. എന്നാൽ കെൻസികയ്ക്ക് മൂന്ന് വയസായപ്പോഴാണ് മകൾക്ക് മറ്റുള്ളവരേപ്പോലെ കേൾക്കാൻ സാധിക്കില്ല എന്ന് ഇവർ തിരിച്ചറിഞ്ഞത്.
അപ്പോഴേക്കും കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നതോടെ മകൾക്ക് വൈദ്യസഹായം ഉറപ്പുവരുത്താൻ സാധിക്കാതെ പോയി. ഇപ്പോൾ സുഹൃത്തുക്കളും മറ്റും ചേർന്ന് പരിശ്രമിച്ച് 15 ലക്ഷത്തോളം രൂപ സമാഹരിച്ചു. എന്നാൽ കെൻസികയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ട ഡിവൈസിന് 31 ലക്ഷത്തിന് മുകളിൽ ചെലവ് വരും.
വരുന്ന 15നാണ് കോക്ലിയർ ഇംപ്ലാന്റ് സ്ഥാപിക്കാനുള്ള ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് എട്ടാം തിയതിക്കകം പണമടച്ചാൽ മാത്രമേ കുട്ടിയുടെ തലയിൽ സ്ഥാപിക്കേണ്ടഡിവൈസ് മുംബൈയിൽ നിന്ന് എത്തിക്കാനാകു. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും തുക കണ്ടെത്താനാകാതെ വലയുകയാണ് നരേഷും കുടുംബവും.
കുട്ടിക്ക് അഞ്ച് വയസിനുള്ളിൽ ഈ ശസ്ത്രക്രിയ നടത്തിയിരിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്രയുംനാൾ ശബ്ദങ്ങൾ കേൾക്കാത്തതിനാൽ തന്നെ സംസാര വൈകല്യമുണ്ടാകാതിരിക്കാനാണ് ഇത്. ചില ശബ്ദങ്ങൾ മാത്രമെ കെൻസികയ്ക്ക് കേൾക്കാൻ സാധിക്കു. തിരിച്ചറിയാൻ വൈകിയതിനാലും രണ്ട് ചെവികൾക്കും കേൾവിയില്ലാത്തതിനാലും സർക്കാർ സഹായം ലഭിക്കാൻ ഇവർക്ക് അർഹതയില്ല.
കെൻസികയ്ക്ക് സുമനസുകളുടെ സഹായമുണ്ടാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഇതിനായി എസ്ബിഐയുടെ മണക്കാട് ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 40560984509 എന്നതാണ് അക്കൗണ്ട് നമ്പർ. ഐഎഫ്എസ്സി കോഡ് SBIN0070024.