കോഴിക്കോട് > രാഷ്ട്രീയ കക്ഷികൾ മതങ്ങളിൽ കടന്നുകൂടി മുട്ടയിട്ട് രാഷ്ട്രീയം വിരിയിക്കരുതെന്ന് മുസ്ലിംലീഗ് നേതാവ് കെ എൻ എ ഖാദർ. മതത്തിൽ രാഷ്ട്രീയമോ രാഷ്ട്രീയത്തിൽ മതമോ കലർത്തരുതെന്നും ഖാദർ ആവശ്യപ്പെട്ടു. മതമാണ് പ്രശ്നമെന്ന് കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലിയിൽ പ്രമുഖ ലീഗ് നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുൻ എംഎൽഎ കൂടിയായ ഖാദർ വേറിട്ട നിലപാട് പരസ്യപ്പെടുത്തിയത്.
മതവിഷയങ്ങളിൽ ഇടപെടുന്നതിൽ ലീഗിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടെന്നതിന്റെ സൂചനയാണിത്. വഖഫ് വിഷയത്തിൽ പള്ളികൾ സമരകേന്ദ്രമാക്കാനുള്ള ലീഗ് നീക്കത്തെ എതിർത്ത സമസ്ത(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) യുടെ മുഖപത്രത്തിലൂടെയാണ് പാർടി നിലപാട് തള്ളിയുള്ള ലീഗ് നേതാവിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. നിഷ്പക്ഷത രാഷ്ട്രീയകക്ഷികളും മതങ്ങളും പാലിക്കണമെന്ന് ഖാദർ സമസ്ത മുഖപത്രം ‘സുപ്രഭാതത്തിൽ ’എഴുതിയ ലേഖനത്തിൽ പറയുന്നു.
മതങ്ങൾ തമ്മിലുള്ള കലഹങ്ങളോ മതത്തിന്റകത്തു നടക്കുന്ന സംഘർഷങ്ങളോ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളാക്കി മാറ്റരുത്. പാർട്ടി വെറെ, മതം വെറെ. രണ്ടിനും വെവ്വേറെ മെമ്പർഷിപ്പാണ്. രാഷ്ട്രീയമുള്ളവർക്ക് മതമോ മതമുള്ളവർക്ക് രാഷ്ട്രീയമോ പാടില്ലായ്കയില്ല. അവർ തമ്മിൽ തമ്മിൽ കൂട്ടികലർത്തി രണ്ടു കൂട്ടരും സമൂഹത്തിൽ നാശം വിതയ്ക്കരുത്. അതിർ വരമ്പുകൾ തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും വേണം. മതം ആത്മീയമായ കാര്യമാണ്. രാഷ്ട്രീയം ഭൗതിക പ്രധാനമായ വിഷയവും. മത വിശ്വാസികൾ അവരുടെ അളവുകോലുകൾ കൊണ്ട് രാഷ്ട്രീയ പ്രവർത്തകരെയും രാഷ്ട്രീയക്കാർ അവരുടെ അളവു കോലുകൾ കൊണ്ട് മത വിശ്വാസികളെയും പരസ്പരം അളക്കരുതെന്നും ‘മതവും രാഷ്ട്രീയവും രണ്ടുതന്നെ ’എന്ന ലേഖനത്തിൽ ഖാദർ പറയുന്നു.