കോഴിക്കോട്: കലുങ്ക് നിർമാണത്തിനായി നടുറോഡിൽ കുഴിച്ച ഭീമൻ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. താമരശ്ശേരിയിൽ ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഉണ്ണികുളം എകരൂൽ സ്വദേശി അബ്ദുൽ റസാഖിനെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ തുടയെല്ലിന് പൊട്ടലേൽക്കുകയും ശരീരമാസകലം പരിക്കുകളുമുണ്ട്.
റസാഖ് സഞ്ചരിച്ച ബുള്ളറ്റ് കുഴിയിൽ വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അപകട വിവരം നാട്ടുകാർ അറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽപ്പെട്ടയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി കണ്ടെത്തിയത്.
അപകടം നടന്ന സ്ഥലത്ത് റിഫ്ളക്ടറുകളോ മറ്റ് മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാതെ വെറുമൊരു റിബൺ മാത്രം വലിച്ച് കെട്ടിയ നിലയിലായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ പ്രകാശത്തിൽ ഒന്നും കാണാനാവാതെ അബ്ദുൾ റസാഖ് നേരെ കുഴിയിൽ പതിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ കരാറുകാരനെതിരെ നടുപടിയെടുക്കാനും കൂടുതൽ അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ നാളായി പണി നടക്കുന്ന ഇവിടെ തെരുവ് വിളക്ക് പോലും ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Content Highlights:bike accident in kozhikode thamarassery one injured