കൊച്ചി
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി നടൻ ദിലീപിനെ പ്രത്യേക അന്വേഷകസംഘം വീണ്ടും ചോദ്യം ചെയ്യും. ഒന്നാം പ്രതി സുനിൽകുമാറിന് (പൾസർ സുനി) ദിലീപുമായി അടുത്തബന്ധം ഉണ്ടെന്നുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണിത്. വിയ്യൂർ സെൻട്രൽ ജയിലിലുള്ള പൾസർ സുനിയെയും ചോദ്യം ചെയ്യും.
കഴിഞ്ഞദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷകസംഘം രേഖപ്പെടുത്തി. പുതിയ വിവരങ്ങളും തെളിവുകളും മുദ്രവച്ച കവറിൽ വിചാരണക്കോടതിയിൽ നൽകി. ബാലചന്ദ്രകുമാറിന്റെ മൊബൈൽഫോണും കോടതിയിൽ നൽകിയതായാണ് സൂചന.
വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി ഇരുപതിനാണ് വീണ്ടും പരിഗണിക്കുക. സുനി ചിത്രീകരിച്ച വീഡിയോദൃശ്യങ്ങളുടെ പകർപ്പ് ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് പുനരന്വേഷണത്തിന് പ്രത്യേക സംഘം തയ്യാറായത്.
വിചാരണസമയം
നീട്ടണമെന്ന്
സംസ്ഥാന സർക്കാർ
നടിയെ ആക്രമിച്ച കേസിലെ വിചാരണാസമയം ആറുമാസംകൂടി നീട്ടണമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 16 വരെയാണ് നിലവിൽ സമയമുള്ളത്.
കേസിൽ സംവിധായകൻ പി ബാലചന്ദ്രകുമാർ പുതിയവെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് സർക്കാർ കോടതിയെ സമീപിച്ചത്. വെളിപ്പെടുത്തൽ അന്വേഷിക്കാൻ സാവകാശം നൽകണമെന്നാണ് ആവശ്യം. നേരത്തേ വിചാരണസമയം നീട്ടി നൽകണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു.