നൂർ സുൽത്താൻ
രൂക്ഷമായ ഇന്ധനവിലവർധനയെ തുടർന്നുള്ള ജനകീയ പ്രക്ഷോഭം അക്രമാസക്തമായതോടെ കസാഖ്സ്ഥാനിൽ പ്രസിഡന്റ് രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധം രൂക്ഷമായതിനെത്തുടർന്ന് സർക്കാർ രാജി വച്ചിരുന്നു. രാജി അംഗീകരിച്ചതായി അറിയിച്ച പ്രസിഡന്റ് കാസിം ജോമാർട് ടൊകയേവ് ഉപപ്രധാനമന്ത്രി അലിഖാൻ സ്മൈലോവിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. പുതിയ സർക്കാർ നിലവിൽ വരുംവരെ പഴയ മന്ത്രിമാർ ചുമതലയിൽ തുടരും. രാജ്യത്ത് കുറഞ്ഞ ഇന്ധനവില പുനഃസ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ട്. പ്രതിഷേധം ശക്തമായി തുടരുന്ന അൽമാറ്റിയിലും പടിഞ്ഞാറൻ പ്രവിശ്യ മങ്കിസ്റ്റോയിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ രാത്രി കർഫ്യുവുണ്ടാകും. കൂടിച്ചേരലുകളും നിരോധിച്ചു.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽപിജിയുടെ വിലനിയന്ത്രണം സർക്കാർ അടുത്തിടെ എടുത്തുകളഞ്ഞിരുന്നു. ഇതോടെ ഇന്ധനവില ഇരട്ടിയിലധികമായതോടെ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. അൽമാറ്റിയിൽ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിനുപേർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് അധികൃതർ ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, അൽമാറ്റിയിൽ പ്രക്ഷോഭകർ മേയറുടെ ഓഫീസിൽ കയറി പ്രതിഷേധിച്ചു. പ്രസിഡന്റിന്റെ വസതിയിലേക്കും കടന്നുകയറാൻ ശ്രമമുണ്ടായി. മേയറുടെ ഓഫീസിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാർ നഗര പ്രോസിക്യൂട്ടറുടെ ഓഫീസിനും തീവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.