കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിൽ ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അംഗങ്ങളുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച രജിസ്ട്രാറുടെ നടപടി സർവകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി നീരീക്ഷിച്ചു. ഓഗസ്റ്റ് 11-നായിരുന്നു സർവകലാശാലരജിസ്ട്രാർ ഇൻചാർജ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷണം വന്നതോടെ വിഷയത്തിൽ ഗവർണറുടെ വാദമാണ് ശരിയെന്ന് തെളിയുകയാണ്.ചാൻസലർക്കാണ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരമെന്നായിരുന്നു ഗവർണറുടെ നിലപാട്.
നേരത്തെ ഗവർണർ കോടതിക്ക് നൽകിയ റിപ്പോർട്ടിലും ചാൻസലർക്കാണ് ബോർഡ് ഓഫ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരമെന്ന് വ്യക്തമാക്കിയിരുന്നു. ചാൻസലർ നാമനിർദേശം ചെയ്യുന്ന അംഗങ്ങളെ നിയമിക്കുക മാത്രമാണ് സർവകലാശാല ചെയ്യേണ്ടത്. എന്നാൽ കണ്ണൂർ സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്നായിരുന്നു ചാൻസലർ കൂടിയായ ഗവർണർ കോടതിയെ അറിയിച്ചത്. ഈ റിപ്പോർട്ട് ശരിവെച്ചാണ് നിയമനങ്ങളിൽ ചട്ടലംഘനമുണ്ടെന്ന് കോടതി നിരീക്ഷിച്ചത്.
കേസ് ജനുവരി 17ന് കോടതി വീണ്ടും പരിഗണിക്കും.
content highlights: kannur university board of studies controversy, high court interim order