കോഴിക്കോട്: കെ റെയിൽ പദ്ധതിയ്ക്ക് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി. നാലര ലക്ഷം രൂപ മന്ത്രിക്ക് ശൗചാലയം പണിയാൻ വേണ്ടി വരുന്ന നാട്ടിലാണ് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി, വീടു പോകുന്നവർക്ക് നാലരലക്ഷം രൂപ കൊടുക്കാം എന്ന് പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട് ആരുമായി ചർച്ച നടത്തിയാലും, പദ്ധതി മുമ്പോട്ട് പോകുമ്പോൾ ശക്തമായ പ്രതിഷേധം ഉണ്ടാകും. കെ റെയിൽ വിരുദ്ധ സമരക്കാരെ മുഴുവൻ യോജിപ്പിച്ച് അതിശക്തമായ പ്രതിഷേധങ്ങൾ ബിജെപി ആസൂത്രണം ചെയ്യുകയാണ്. ഏത് പോലീസുമായിട്ട് വന്നാലും കെ റെയിലിന്റെ പേരിൽ വീട്ടുകാരെ ഇറക്കി വിടാൻ വന്നാൽ തടയുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കൂടുതൽ വേഗതയിലോടുന്ന തീവണ്ടികൾ ഇറക്കാൻ വേണ്ടിയിട്ടുള്ള ആസൂത്രണം അതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചത് രാഷ്ട്രീയ അധാർമ്മികതയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വർണ്ണക്കള്ളത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് കൂടുതൽ വ്യക്തമായെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Content Highlights: k surendran slams government on silver line and m sivasankar issue