ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ദിലീപന് എതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ഫെബ്രുവരി പതിനാറിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ തുടർ അന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പോലീസ് സുരക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരയായ നടിയും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കേസിലെ വിചാരണ നീട്ടിവയ്ക്കണമെന്ന് പ്രോസിക്യുട്ടർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസിൽ ഇതുവരെ 202 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ടെന്നും സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ വിചാരണ നടപടികൾ താത്കാലികമായി നിർത്തിവെപ്പിച്ച ശേഷം തുടർ അന്വേഷണത്തിന് സമയം ലഭിക്കാനുള്ള നടപടിയാകും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുക എന്നാണ് സൂചന.
Content Highlights:government approaches supreme court asking for more time for completeing trial on actress abduction case