കുമളി: സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിൽ പോലീസിന്റെ വീഴ്ച സമ്മതിച്ച് കോടിയേരി ബാലകൃഷ്ണൻ.ആഭ്യന്തര വകുപ്പിൽ പാർട്ടി ഇടപെടും. പോലീസ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി പാർട്ടി ചർച്ച നടത്തി പരിഹാരം ഉണ്ടക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ചർച്ചകളിൽ മറുപടി പറയവേയാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.ഐയ്ക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു.
കടുത്ത വിമർശനമാണ് പോലീസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. പലപ്പോഴും സർക്കാരിന്റെ ശോഭ കെടുത്താൻ പോലീസിന്റെ പ്രവർത്തനം കാരണമാവുന്നുവെന്ന വിമർശനം സമ്മേളന പ്രതിനിധികൾ ഉന്നയിച്ചു. ഒരും സംഘം തന്നെ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ പ്രവർത്തിക്കുന്നു എന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് കോടിയേരി ബാലകൃഷ്ണൻ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്ന് സമ്മേളന പ്രതിനിധികളോട് സമ്മതിച്ചത്.
വിഷയത്തിൽ പാർട്ടി ഇടപെടുമെന്ന് കോടിയേരി വ്യക്തമാക്കി. പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
സി.പി.ഐക്കെതിരെയും സമ്മേളനത്തിൽ വലിയ വിമർശനമുയർന്നു. സി.പി.ഐക്ക് ബി.ജെ.പിയുടെ സ്വരമാണെന്ന് ചിലർ ആരോപിച്ചു. സി.പി.ഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവർത്തനത്തിലും വിമർശനമുയർന്നു. ഹൈറേഞ്ച് മേഖലയിൽ ലൈഫ് പ്രവർത്തനവുമായി ബന്ധപ്പെട്ട് സി.പി.ഐ വകുപ്പുകൾ കടുത്ത നിസ്സഹകരണം തുടരുകയാണ്. വനംവകുപ്പിന്റെ പ്രവർത്തനവും ജനജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് വിമർശനമുയർന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടുതലും മൃഗങ്ങളുമായി ഇടപെടുന്നതിനാലാണ് അവർക്ക് മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാവാത്തതെന്നായിരുന്നു കോടിയേരിയുടെ മറുപടി. എസ്. രാജേന്ദ്രനെതിരെ നടപടി എടുക്കാൻ വൈകിയെന്നും സമ്മേളനത്തിൽ വിർശനമുയർന്നു. സമ്മേളനങ്ങൾ നടക്കുന്ന കാലയളവായതിനാലാണ് നടപടി വൈകുന്നതെന്നായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി ഇതിന് നൽകിയ മറുപടി. സംസ്ഥാന മന്ത്രിമാരുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
Content Highlights: Kodiyeri Balakrishnan,Kerala police, CPIM