തിരുവനന്തപുരം:എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്കരിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ സിപിഐചേരണമെന്ന് ചെറിയാൻ ഫിലിപ്പ്. ദേശീയ തലത്തിൽ ബിജെപിയ്ക്ക് ബദൽ കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു. കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം സജീവ ചർച്ചയാകുന്നതിനിടെയാണ് ചെറിയാൻ ഫിലിപ്പിന്റെ അഭിപ്രായപ്രകടനം
ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ
ദേശീയ തലത്തിൽ ബിജെപിയ്ക്ക് ബദൽ കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണം. കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്ക്കരിക്കണം. കോൺഗ്രസും സി പി ഐയും കേരള കോൺഗ്രസുകളും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 110 നിയമസഭാ സീറ്റും 20 ലോക്സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണമികവു കൊണ്ടാണ്. എഴുപതുകളിൽ വലിയ രാഷ്ട്രീയ പ്രതാപം ഉണ്ടായിരുന്ന സി പി ഐ എൺപതിൽ സി പി എം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിക്കുകയാണുണ്ടായത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സി പി എമ്മിനേക്കാൾ സംഘടനാ ശക്തിയും ബഹുജ പിന്തുണയും സി പി ഐ ക്കാണ്.
Content Highlights :CPI must join the Congress Front says Cherian Phillip