യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് വിചാരണ നടത്താൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർമാരുടെ രാജി ചർച്ചയായിക്കഴിഞ്ഞു. കേസിലെ എട്ടാം പ്രതിയായ സിനിമാതാരം ദിലീപ് അടക്കമുള്ളവരെ ശിക്ഷിക്കാൻ വേണ്ട തെളിവില്ലാത്തതാണ് കാരണമെന്നാണ് ചിലർ ആരോപിക്കുന്നത്. ഈ കേസിൽ പ്രതികൂല വിധിയുണ്ടായാൽ കരിയറിനെ ബാധിക്കുമെന്ന് പ്രോസിക്യൂട്ടർമാർക്ക് ഭയമുണ്ടെന്നാണ് മറ്റൊരു ആരോപണം.
കേസിൽ പ്രതികൂല വിധിയുണ്ടായാൽ പണം വാങ്ങിയോ ഉന്നതസ്വാധീനത്തിന് വഴങ്ങിയോ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന ആരോപണം നേരിടേണ്ടി വരുമെന്നതാണ് പ്രോസിക്യൂട്ടർമാരുടെ ആശങ്കയെന്ന് മറ്റ് ചിലർ ആരോപിക്കുന്നു. എന്നാൽ, കേസ് വിചാരണ ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയുടെ ചില നടപടികളാണ് പ്രശ്‌നമെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നു.
പ്രത്യേക കോടതി വരുന്നത്
കേസിലെ വിചാരണ വനിതാ ജഡ്ജിക്ക് കൈമാറണമെന്ന യുവനടിയുടെ അപേക്ഷ 2018 ജൂൺ പതിനെട്ടിന് എറണാകുളം ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി രൂപീകരിക്കണം, വിചാരണ രഹസ്യമായി നടത്തണം, വനിതാ ജഡ്ജി കേസ് കേൾക്കണം, കേസിലെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ.
സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഈ ആവശ്യത്തെ പിന്തുണച്ചു. കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. സർക്കാരിന്റെയും യുവനടിയുടെയും വാദങ്ങളെ ഒന്നാം പ്രതി സുനിൽകുമാറിനും (പൾസർ സുനി) എട്ടാം പ്രതി ദിലീപിനും വേണ്ടി ഹാജരായ അഭിഭാഷകർ എതിർത്തു.
സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചനാ നാരായണൻ കുട്ടിയും ഹണി റോസും ഈ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. യുവനടിക്കു വേണ്ടി ഹാജരായ അഡ്വ.എം.അജയ് ഈ അപേക്ഷയെ ശക്തമായി എതിർത്തു. സ്വന്തം നിലയ്ക്ക് കേസ് നടത്താനാവുമെന്നും ആരുടെയും പിന്തുണ വേണ്ടെന്നും യുവനടി നിലപാട് വ്യക്തമാക്കി. തുടർന്ന് ഇരുവരും അപേക്ഷ പിൻവലിച്ചു.
തുടർന്ന് റജിസ്ട്രാറുടെ (സബോർഡിനേറ്റ് ജുഡീഷ്യറി) റിപ്പോർട്ട് കൂടി പരിശോധിച്ചാണ് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായ ഹണി എം.വർഗീസിനെ കേസ് വിചാരണ ചെയ്യാൻ ചുമതലപ്പെടുത്തി ജസ്റ്റീസ് വി.രാജ വിജയരാഘവൻ 2019 ഫെബ്രുവരി 25ന് ഉത്തരവിട്ടത്. 2020 ജനുവരി ആറിന് ജഡ്ജി ഹണി എം.വർഗീസ് ചാർജ് ഫ്രെയിം ചെയ്തു. 30 മുതൽ വിചാരണയും തുടങ്ങി.
കോടതി മാറണമെന്ന് യുവനടിയും സർക്കാരും
കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി പക്ഷപാതം കാണിക്കുകയാണെന്ന് ആരോപിച്ച് 2020 ഒക്ടോബർ 27ന് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രോസിക്യൂഷൻ നൽകുന്ന അപേക്ഷകളിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ വിചാരണക്കോടതി വിമുഖത കാണിക്കുന്നുവെന്ന് സർക്കാർ വാദിച്ചു. കേസിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വ.എ സുരേശനും പൊലീസിനുമെതിരെ വിചാരണക്കോടതി അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്നും പക്ഷപാതമുണ്ടെന്ന സംശയത്തിന് കാരണം അതാണെന്നും സർക്കാർ വിശദീകരിച്ചു.
സർക്കാർ വാദങ്ങൾ
1) കേസിലെ മറ്റൊരു പ്രതിയുടെ അഭിഭാഷകൻ യുവനടിയെ ക്രോസ് വിസ്താരം നടത്തി നാലു മാസവും 18 ദിവസവും കഴിഞ്ഞപ്പോൾ എട്ടാം പ്രതിക്കു (ദിലീപിന്) വീണ്ടും ക്രോസ് വിസ്താരം നൽകാൻ വിചാരണക്കോടതി അനുമതി നൽകി. ഇത് ഒമ്പതു ദിവസമാണ് നീണ്ടുനിന്നത്. പലഘട്ടങ്ങളിലും എട്ടാം പ്രതിയുടെ അഭിഭാഷകൻ യുവനടിക്ക് മാനഹാനിയും അപമാനവുമുണ്ടാക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചു. യുവനടി മോശം സ്വഭാവക്കാരിയാണെന്ന് ചിത്രീകരിക്കുന്ന രീതിയിലുള്ള ചോദ്യങ്ങളും ചോദിച്ചു. ഇത്തരം ചോദ്യങ്ങളെയും വിസ്താര രീതികളെയും പ്രോസിക്യൂഷൻ ചോദ്യം ചെയ്‌തെങ്കിലും ഇടപെടാൻ ജഡ്ജി വിസമ്മതിച്ചു. ഇത് യുവനടി മാനസികമായി തകരാൻ കാരണമായി.
2) രഹസ്യവിചാരണക്കാണ് അനുമതിയെങ്കിലും യുവനടിയെ വിസ്തരിക്കുന്ന സമയത്ത് പ്രതിഭാഗത്തെ നിരവധി അഭിഭാഷകർക്ക് കോടതിയിൽ പ്രവേശിക്കാൻ ജഡ്ജി അനുമതി നൽകി. മൊത്തം 17 അഭിഭാഷകരാണ് കോടതിയിലുണ്ടായിരുന്നത്. എട്ടാം പ്രതിക്ക് വേണ്ടി മാത്രം എട്ട് അഭിഭാഷകരാണ് കോടതിയിൽ എത്തിയത്. ലൈംഗികാതിക്രമത്തിന്റെ വീഡിയോ ചിത്രീകരിച്ചത് സംബന്ധിച്ച് എട്ടാം പ്രതിയുടെ അഭിഭാഷകൻ അപകീർത്തികരമായ നിരവധി ചോദ്യങ്ങളാണ് യുവനടിയോട് ചോദിച്ചത്.
3) ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ ചില പ്രോസിക്യൂഷൻ സാക്ഷികളെ ജഡ്ജി ശാസിച്ചു. ഇത് സ്വതന്ത്രമായി മൊഴി നൽകാനുള്ള സാക്ഷികളുടെ ആത്മവിശ്വാസം ഇല്ലാതാക്കി.
4) ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിലെ ഉള്ളടക്കം സംബന്ധിച്ച് സെൻട്രൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ നിന്ന് എട്ടാം പ്രതി റിപ്പോർട്ട് തേടിയിരുന്നു. ഇത് അംഗീകരിച്ച് 2020 ഫെബ്രുവരി ഏഴിന് എട്ടാം പ്രതിക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ പകർപ്പ് പ്രോസിക്യൂഷനും ലഭിച്ചു. അതിന് ശേഷം തന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി തേടി എട്ടാം പ്രതി മറ്റൊരു അപേക്ഷ നൽകി. ആ അപേക്ഷയുടെ പകർപ്പും സി.എഫ്.എസ്.എൽ നൽകിയ റിപ്പോർട്ടിന്റെ പകർപ്പും പ്രോസിക്യൂഷന് ലഭിച്ചില്ല.
5) കുറ്റപത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ വിചാരണക്കോടതി ഉത്തരവിറക്കിയില്ല.
6) സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ വിചാരണക്കോടതി ഉത്തരവ് പാസാക്കിയില്ല. (കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ചാണ് പ്രോസിക്യൂഷൻ അപേക്ഷ നൽകിയിരുന്നത്. ഇത് പിന്നീട് വിചാരണക്കോടതി തള്ളി.)
7) കേസിലെ 80ാം പ്രോസിക്യൂഷൻ സാക്ഷി ശരത്ബാബു, ക്രിമിനൽ നടപടി ചട്ടങ്ങളിലെ 164ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 14ന് നടന്ന വിസ്താരത്തിനിടെ ജഡ്ജി അകാരണമായി പ്രകോപിതയായി. പ്രോസിക്യൂഷനും പൊലീസിനും എതിരെ അനാവശ്യ പരാമർശങ്ങൾ നടത്തി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വിചാരണയല്ലെന്നും മറ്റെന്തോ ആണെന്നും പറഞ്ഞു. ഈ സംഭവത്തിന് ശേഷം സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ചീഫ് എക്‌സാമിനേഷൻ നിർത്തിവെച്ചു. ഇങ്ങനെയൊരു അന്തരീക്ഷത്തിൽ വിചാരണ നീതിയുക്തമായി നടക്കില്ലെന്ന വിലയിരുത്തലിൽ ആയിരുന്നു നടപടി. പ്രശ്‌നപരിഹാരത്തിന് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു. അതിനാൽ വിചാരണാനടപടികൾ നിർത്തിവെക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. വിചാരണ തുടരാൻ നിർദേശിക്കുകയും ചെയ്തു.
8) കേസിലെ 34ാം സാക്ഷിയായ മഞ്ജു വാര്യരെ ക്രോസ് വിസ്താരം നടത്തിയപ്പോൾ നിർണായകമായ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പറയുന്നു. എട്ടാം പ്രതിയുടെ ആദ്യ ഭാര്യയാണ് മഞ്ജുവാര്യർ. പ്രതിഭാഗത്തിന്റെ ചില ചോദ്യങ്ങൾ മഞ്ജു വാര്യരെ വ്യക്തിഹത്യ ചെയ്യുന്നതിന് തുല്യമായിരുന്നു. തന്റെ ആദ്യ വിവാഹം തകരാൻ കാരണമായ യുവനടിയെ പച്ചക്ക് കത്തിക്കുമെന്ന് എട്ടാം പ്രതി, അഞ്ചാം സാക്ഷിയായ ഭാമയോട് പറഞ്ഞിരുന്നുവെന്നു പ്രോസിക്യൂഷൻ പറയുന്നു. ഭാമ ഇക്കാര്യം യുവനടിയോട് പറഞ്ഞു. ഇത് രേഖപ്പെടുത്താൻ കോടതി തയ്യാറായില്ല.
9) ഏഴാം പ്രോസിക്യൂഷൻ സാക്ഷിയായ രമ്യാനമ്പീശൻ അടക്കമുള്ള ആറ് പേർക്കെതിരെ എട്ടാം പ്രതിയുടെ അഭിഭാഷകർ കോടതിയിൽ പ്രത്യേക പരാതി നൽകിയിരുന്നു. കേസിന്റെ വിചാരണനടപടികൾ റിപ്പോർട്ട് ചെയ്യരുതെന്ന കോടതി നിർദേശം ലംഘിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്നതാണ് ആരോപണം. ഈ പോസ്റ്റിന് കേസിലെ നടപടികളുമായി ഒരു ബന്ധവുമില്ലെങ്കിലും കോടതി അവരെ ശാസിച്ചു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് കേസിലെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷനും ഇരക്കുമെതിരെ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്ന കോടതിയിൽ നിന്ന് നീതിലഭിക്കില്ലെന്നായിരുന്നു വാദം.
പക്ഷേ, പ്രോസിക്യൂഷൻ ഉന്നയിക്കുന്ന വാദങ്ങൾക്ക് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2020 നവംബർ 20ന് ജസ്റ്റീസ് വി.ജി. അരുൺ സർക്കാരിന്റെ ഹർജി തള്ളി. വിചാരണക്കോടതിയും പ്രോസിക്യൂട്ടറും യോജിച്ച് പ്രവർത്തിച്ചില്ലെങ്കിൽ കുറ്റവാളി രക്ഷപ്പെടാനും നിരപരാധി ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ടെന്നും ഉത്തരവിൽ കോടതി പറഞ്ഞു. വിചാരണസമയത്ത് ജഡ്ജി നിശബ്ദ കാഴ്ച്ചക്കാരനായി ഇരിക്കരുതെന്ന് സുപ്രിംകോടതി വിധിയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആദ്യ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ രാജി
വിചാരണക്കോടതി മാറ്റണമെന്ന സർക്കാരിന്റെയും യുവനടിയുടെയും ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് 2020 നവംബർ 23ന് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എ.സുരേശൻ രാജിക്കത്ത് നൽകി. കഴിഞ്ഞ 35 വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ.എ.സുരേശൻ നിരവധി കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
തൃശൂരിലെ സൗമ്യക്കൊലക്കേസിലെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു അഡ്വ.എ.സുരേശൻ. പ്രതി ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചു. ഗുരുവായൂർ ക്ഷേത്രമോഷണക്കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കാനും അഡ്വ.എ.സുരേശന്റെ വാദങ്ങൾ സഹായിച്ചു.
ഒരു വീട്ടിലെ നാലു പേരെ കൊലപ്പെടുത്തിയ ഒരുമനയൂർ കൂട്ടക്കൊലക്കേസിലെ പ്രതി നവാസിന് വധശിക്ഷ ലഭിക്കാനും അഡ്വ.എ.സുരേശന്റെ വാദങ്ങൾ പൊലീസിനെ സഹായിച്ചു. വരാപ്പുഴ പീഡനക്കേസിലും സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി സുരേശൻ പ്രവർത്തിച്ചു. സംസ്ഥാനത്തെ നടുക്കിയ പ്രമാദമായ നിരവധികേസുകളിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ച സുരേശൻ പ്രതികൾക്ക് ഉചിതമായ ശിക്ഷ വാങ്ങി നൽകിയിട്ടുണ്ട്. അഡ്വ.എ.സുരേശന്റെ രാജി കേസ് നടത്തിപ്പിൽ സർക്കാരിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
സുപ്രീംകോടതി വിധി
വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ നൽകി. ഇത് 2020 ഡിസംബർ 15ന് സുപ്രിംകോടതിയിലെ മൂന്നംഗബെഞ്ച് തള്ളി. വിചാരണ പുരോഗമിക്കുന്നതിനാൽ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ആവില്ലെന്നാണ് സുപ്രിംകോടതി പറഞ്ഞത്. വിചാരണക്കോടതി ജഡ്ജിക്കെതിരെ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അനാവശ്യമാണെന്നും കോടതിക്കെതിരെ സർക്കാർ അത്തരം ആരോപണങ്ങൾ ഉന്നയിക്കരുതായിരുന്നുവെന്നും സുപ്രിംകോടതി പറഞ്ഞു.
വിചാരണക്കോടതി വിധിയുടെ ഉത്തരവുകളോട് എതിർപ്പുണ്ടെങ്കിൽ സർക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. ”….കോടതികൾ പ്രവർത്തിക്കട്ടെ, ജഡ്ജിമാർ അവരുടെ ജോലിയെടുക്കട്ടെ.”– സുപ്രിംകോടതി നിരീക്ഷിച്ചതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിലെ റിപ്പോർട്ട് പറയുന്നു.
രണ്ടാം പ്രോസിക്യൂട്ടർ വരുന്നു
എ.സുരേശൻ സ്ഥാനം രാജിവെച്ച ശേഷം 2021 ജനുവരി നാലിനാണ് അഡ്വ. വി.എൻ അനിൽകുമാറിനെ കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ അനിൽകുമാർ 1993 മുതൽ 2015 വരെ സി.ബി.ഐ കോടതിയിൽ സി.ബി.ഐക്ക് വേണ്ടി ഹാജരായിരുന്നു. പ്രസിദ്ധമായ നിരവധി കേസുകളിൽ അദ്ദേഹം സി.ബി.ഐക്ക് വേണ്ടി ഹാജരായിട്ടുണ്ട്.
പക്ഷേ, പതിനൊന്ന് മാസത്തെ സേവനത്തിന് ശേഷം 2021 ഡിസംബർ അവസാനം അദ്ദേഹം രാജിക്കത്ത് നൽകി. അഡീഷണൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ കെ.ബി സുനിൽകുമാറാണ് ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചത്.
”സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിവെച്ചെന്നാണ് അഡീഷണൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സമർപ്പിച്ച സ്റ്റേറ്റ്‌മെന്റ് പറയുന്നത്. വിചാരണ നടത്താൻ വേണ്ട സംവിധാനം ഒരുക്കാൻ കൂടുതൽ സമയവും ചോദിച്ചിരിക്കുന്നു. കേസിലെ നടപടികൾ ഫെബ്രുവരി 16ന് മുമ്പ് തീർക്കണമെന്ന് സുപ്രിംകോടതി നിർദേശമുള്ളതിനാൽ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണം.” — കോടതി രേഖകൾ പറയുന്നു. കോടതിയിലെ അസുഖകരമായ അന്തരീക്ഷമാണ് വി.എൻ സുനിൽകുമാറിന്റെ രാജിക്ക് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രോസിക്യൂഷന്റെ പ്രതിസന്ധികൾ
പ്രോസിക്യൂഷൻ കേസിന് ബലം നൽകുന്ന സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ വിചാരണക്കോടതി തയ്യാറാവുന്നില്ലെന്നാണ് സർക്കാർ രേഖകൾ പറയുന്നത്. ‘പ്രതിക്ക് ഗുണകരമാവുന്ന രീതിയിലാണ് ജഡ്ജി മൊഴികൾ രേഖപ്പെടുത്തുന്നത്. ‘സാക്ഷി കൂട്ടിച്ചേർത്തു, സാക്ഷി വിശദീകരിക്കുന്ന എന്നൊക്കെയാണ്’ ജഡ്ജി രേഖപ്പെടുത്തുന്നത്. ജഡ്ജി നിഷ്പക്ഷത പാലിക്കുന്നില്ലെന്ന പ്രതീതിയാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്. ഭൂരിപക്ഷം സാക്ഷികളും ദുഖത്തോടെയാണ് കോടതിയിൽ നിന്ന് മടങ്ങുന്നത്. കോടതിയിൽ വെച്ച് അപമാനിക്കപ്പെട്ടെന്നാണ് അവർ കരുതുന്നത്. ക്രോസ് വിസ്താരത്തിനിടെ പ്രതിഭാഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് കോടതിയുടെ അതിഥികളായ സാക്ഷികളെ സംരക്ഷിക്കാൻ കോടതി ഒന്നും ചെയ്യുന്നില്ല.” — സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പറയുന്നു.
കേസിലെ പുതിയ വെളിപ്പെടുത്തലുകൾ
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടെന്നും പീഡനത്തിന്റെ വീഡിയോദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകനായ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നുണ്ട്. വിചാരണക്കിടയിൽ പുതിയ തെളിവുകൾ പുറത്ത് വന്നാൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണം ആവശ്യപ്പെടാൻ ക്രിമിനൽ നടപടി ചട്ടങ്ങൾ പൊലീസിന് അധികാരം നൽകുന്നുണ്ട്. ഈ ആവശ്യം വിചാരണക്കോടതി ഉടൻ പരിഗണിക്കും.
അതേസമയം, ബാലചന്ദ്രകുമാറിന്റെ ആരോപണത്തിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ബൈജു പൗലോസിന്റെ ഫോൺ കോൾ, വാട്ടാസാപ്പ് വിവരങ്ങൾ എന്നിവ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും അടക്കം പരാതി നൽകിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് യുവനടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ടാം പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും പരാതി പറയുന്നു.
കേസിലെ പ്രതികളുടെ ഫോൺ വിളികളുടെ യഥാർഥ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളിയ ഡിസംബർ 21ലെ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു. ജനുവരി ആറിന് ഹൈക്കോടതി ഈ കേസ് പരിഗണിച്ചേക്കും. കേസിന്റെ വിചാരണ ഫെബ്രുവരി 16ന് മുമ്പ് തീർക്കണമെന്നാണ് സുപ്രിംകോടതി നിർദേശം നൽകിയിരിക്കുന്നത്.
****