കാസർകോട് > സിൽവർ ലൈനിനെതിരെ രാഷ്ട്രീയ എതിർപ്പ് പ്രകടിപ്പിക്കുന്ന രമേശ് ചെന്നിത്തലയടക്കമുള്ള യുഡിഎഫ് നേതാക്കൾ മുമ്പ് പദ്ധതിയെ ശക്തമായി അനുകൂലിച്ചിരുന്നവർ. 2016 ൽ പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല പദ്ധതി മംഗളൂരുവരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനം വിളിച്ചിരുന്നു. പദ്ധതിക്ക് കണ്ണൂർവരെയാണ് ആദ്യം അലൈൻമെന്റ് ഉണ്ടായിരുന്നത്. ആ ഘട്ടത്തിലാണ് കാസർകോടിനായി 2016 ജൂലൈ 23ന് ചെന്നിത്തല ഏത്തിയത്.
പിന്നാക്ക ജില്ലയായ കാസർകോടിനെക്കൂടി പരിഗണിച്ച് മംഗളൂരുവരെ പാത നീട്ടണം. ഇത് കാസർകോടിന്റെ വികസനത്തിനത് മുതൽക്കൂട്ടാകും. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും മുസ്ലിംലീഗ് നേതാക്കളായ ചെർക്കളം അബ്ദുള്ളയുടെയും സി ടി അഹമ്മദലിയുടെയും സാന്നിധ്യത്തിൽ ചെന്നിത്തല അന്ന് പറഞ്ഞു. മംഗളൂരുവരെവരെ പാത നീട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് എംഎൽഎ എൻ എ നെല്ലിക്കുന്ന് ചെയർമാനായി കാസർകോട്ട് ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചരുന്നു.
ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ കാസർകോട് (ഫ്രാക്ക്), കാസർകോട് പ്രസ് ക്ലബ് എന്നിവയുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. ഈ ആവശ്യമുന്നയിച്ച് അന്നത്തെ കർണാടക മന്ത്രി യു ടി ഖാദർ, ഡിഎംആർസി ചെയർമാൻ ഇ ശ്രീധരൻ എന്നിവർക്ക് നെല്ലിക്കുന്ന് കത്തുമയച്ചു.