മലപ്പുറം: കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പാസാക്കിയ പ്രമേയത്തെ തള്ളി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രമേയം തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല പാസാക്കിയതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസ്സാരവൽകരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പാസാക്കിയ പ്രമേയത്തിൽ പറയുന്നത്. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
ഭരിക്കുന്ന സർക്കാരുമായി യോജിച്ചുപോകുന്നതാണ് സമസ്ത നിലപാടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് പ്രമേയവും പാസാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രമേയം തന്റെ അറിവോടെയല്ലെന്ന് ജിഫ്രി തങ്ങൾ വിശദീകരിച്ചിരിക്കുന്നത്. വാർത്തയോടൊപ്പം തന്റെ ചിത്രം നൽകരുതെന്നും മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
പ്രമേയത്തെ ജിഫ്രി തങ്ങൾ തള്ളിയതോടെ ലീഗിനെതിരെ വിമർശനവുമായി മന്ത്രി വി. അബ്ദുറഹിമാനും രംഗത്തെത്തി. സമസ്തയെ ഹൈജാക്ക് ചെയ്യാനാണ് ലീഗ് ശ്രമമെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമാണ് സമസ്ത സമ്മേളനത്തിലെ പ്രമേയമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Jifri Muthukoya thangal