കൊച്ചി> നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തുനൽകി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണവും പ്രോസിക്യൂട്ടർ രാജിവെച്ചതിൽ ആശങ്കയും അറിയിച്ചാണ് കത്ത്.
കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ അടുത്തിടെ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് ബാലചന്ദ്രകുമാറും സർക്കാരിന് കത്തുനൽകിയിരുന്നു. തുടർന്ന് പൊലീസ് തുടരന്വേഷണത്തിന് നടപടിയെടുത്തിരുന്നു. എന്നാൽ കേസിന്റെ വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ആവശ്യത്തിൽ വിചാരണക്കോടതി തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ തുടരന്വേഷണം തുടങ്ങാനായിട്ടില്ല.
രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് ആശങ്കാജനകമാണെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി.