ഈ വർഷത്തെപ്പറ്റി മരിക്കുന്നതിന് മുൻപേ പ്രവചിച്ച കാര്യങ്ങൾ ശരിയാവുകയാണെങ്കിൽ 2022ഉം മനുഷ്യരാശിയെ സംബന്ധിച്ച് അത്ര ആശ്വാസകരമല്ല. 12-ാം വയസ്സിൽ ഒരു വലിയ കൊടുങ്കാറ്റിനിടെ ദുരൂഹമായി കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം, ഭാവിയിൽ എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി കാണാൻ ദൈവത്തിൽ നിന്ന് വളരെ അപൂർവമായ ഒരു സമ്മാനം തനിക്ക് ലഭിച്ചുവെന്നായിരുന്നു ബാബ വംഗയുടെ അവകാശവാദം. ഈ വർഷം നിരവധി പ്രകൃതി ദുരന്തങ്ങൾ, മാരകമായ ഒരു പുതിയ വൈറസ്, കുടിവെള്ള പ്രതിസന്ധി, വെട്ടുക്കിളി ആക്രമണം, അന്യഗ്രഹ ആക്രമണം എന്നിവയാണ് ബാബ വംഗ പ്രവചിച്ചു വച്ചിരിക്കുന്നത്. ബാബ വംഗയുടെ പ്രവചനം പേടിപ്പെടുത്തുന്നതാണെങ്കിൽ ശതാവരി (അസ്പരാഗസ്) ഉപയോഗിച്ച് ഭാവി പ്രവചിക്കുന്ന ഒരാളുടെ 2022നെപ്പറ്റിയുള്ള പ്രവചനങ്ങൾ അല്പം ആശ്വാസം പകരുന്നതാണ്.
ജെമീമ പാക്കിംഗ്ടൺ എന്ന് പേരുള്ള ഈ വ്യക്തിയ്ക്ക് ‘മിസ്റ്റിക് വെജ്’ എന്നും പേരുണ്ട്. ലോകത്തിലെ ഒരേയൊരു ‘അസ്പാരാമൻസർ’ ആണ് ജെമീമ പാക്കിംഗ്ടൺ. അസ്പരാഗസ് മുകളിലേക്ക് എറിഞ്ഞ് നിലം പതിക്കുന്ന രീതി അനുസരിച്ച് വ്യാഖ്യാനിച്ചുകൊണ്ട് പ്രവചനങ്ങൾ നടത്തുന്നത്. ബ്രെക്‌സിറ്റ്, ഹാരിയും മേഗനും രാജപദവി ഒഴിയും, ബോറിസ് ജോൺസൺ പ്രധാനമന്ത്രിയാകുമെന്നും എന്നെല്ലാം മിസ്റ്റിക് വെജ് പ്രവചിച്ചിട്ടുണ്ട് എന്നാണ് അവകാശവാദം.
2022-ൽ ബോറിസ് ജോൺസൺ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരുമെന്നാണ് മിസ്റ്റിക് വെജിൻ്റെ പ്രവചനം. അതെ സമയം ബ്രിട്ടീഷ് രാജകുടുംബത്തിന് കൂടുതൽ ദു:ഖം ഉണ്ടാകുമെന്നും ജെമീമ പ്രവചിക്കുന്നു. ഫുട്ബോളുമായി ബന്ധപ്പെട്ട ചില പ്രവചനങ്ങളും ജെമിമ നടത്തിയിട്ടുണ്ട്. ഈ വർഷം മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടുമെന്നും ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ കറുത്ത കുതിരകളാവും എന്നും മിസ്റ്റിക് വെജ് പ്രവചിക്കുന്നു. കഴിഞ്ഞില്ല, ഈ വർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ക്രൊയേഷ്യ കപ്പുയർത്തും എന്നാണ് മറ്റൊരു ശ്രദ്ധേയമായ പ്രവചനം.
എട്ട് വയസ്സുള്ളപ്പോൾ മുതൽ പ്രവചനങ്ങൾ നടത്തുന്ന ജെമീമ തനിക്ക് ഈ സിദ്ധി പ്രായമായ അമ്മായിയിൽ നിന്നാണ് ലഭിച്ചത് എന്ന് പറയുന്നു.