കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ ആദ്യമായി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. മധൂർ സ്വദേശിയായ 50 കാരനാണ് രോഗം. സന്ദർശക വിസയിൽ യുഎഇയിൽ പോയി വന്നതാണിയാൾ.
കഴിഞ്ഞ മാസം 22-നാണ് ഗൾഫിലേക്കു പോയത്. 29-ന് തിരിച്ചെത്തി. ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇയാളെ തെക്കിൽ ടാറ്റാ ആസ്പത്രിയിലേക്കു മാറ്റി.
പ്രാഥമിക സമ്പർക്ക പട്ടികയിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറാണിയാൾ. ഗൾഫിൽ നിന്നു തിരിച്ചു വന്ന ശേഷം ഇയാൾ ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രാഥമിക സമ്പർക്ക പട്ടികയിൽ നിരവധിപ്പേരുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്യുന്നു.
ജില്ലയിൽ കോവിഡ് വ്യാപനം പൊതുവെ കുറഞ്ഞു വരികയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് കാസർകോട്ടുള്ളത്. കോവിഡിന്റെ തുടക്കത്തിൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗികളുണ്ടായ ജില്ലയായിരുന്നു ഇത്.
Content Highlights: Omicron Cases in Kerala; First Omicron case confirmed in Kasargod