മാന്നാനം: സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടി സമൂഹത്തിന് സേവനം ചെയ്ത വലിയ ദാശനികനായിരുന്നു വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അദ്ദേഹത്തിന്റെ സേവനം സ്വന്തം മതത്തിന് മാത്രമായിരുന്നില്ല സമൂഹത്തിൽ എല്ലാവർക്കും പ്രയോജനപ്പെട്ടുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ സ്വർഗ പ്രാപ്തിയുടെ 150-ാം വാഷികാഘോഷ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്കൃതത്തെ എല്ലാ ജനവിഭാഗങ്ങൾക്കും പരിചയപ്പെടുത്തി. അന്ന് കുറച്ചു പേർക്ക് മാത്രം പ്രാപ്യമായ ഒന്നായിരുന്നു സംസ്കൃതം. മത സൗഹാർദ്ദത്തിന്റേയും സഹിഷ്ണുതയുടേയും സന്ദേശം നൽകി. കേരളത്തിൽ എത്താൻ സാധിച്ചതിലും പരിപാടിയിൽ പങ്കെടുക്കാനായതിലും സന്തോഷമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവം ഉണ്ടാക്കിയ ആളാണ് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. സ്കൂൾ ഉച്ച ഭക്ഷണ പരിപാടി തുടങ്ങി, മക്കൾ സ്വകാര്യ സ്വത്തല്ല, സമൂഹത്തിന്റെ സന്തതിയായി വളർത്തിയ ഏറ്റവും വലിയ പരിഷ്കർത്താവും കവിയുമായിരുന്നു അദ്ദേഹം. സാമൂഹ്യ വിപ്ലവത്തിന് തുടക്കമിട്ട നവോത്ഥാന നായകരിൽ അഗ്രഗണ്യനായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മതത്തിന്റെ വേലികൾക്കപ്പുറത്തേക്ക് എല്ലാവരേയും വിദ്യാഭ്യാസത്തിലേക്ക് നയിക്കുകയും പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന നിലയിൽ മുന്നേറ്റം നടത്തുകയും ചെയ്തയാളാണ് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കത്തോലിക്കാ സഭ നൽകുന്ന സേവനം വലിയ ബഹുമാനത്തോടെയാണ് കേന്ദ്രം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു എന്നത് തെറ്റായ പ്രചാരണമാണെന്നുംകേന്ദ്രമന്ത്രി പറഞ്ഞു. പ്രാദേശിക പ്രശ്നങ്ങളെ പ്രചരിപ്പിച്ച് ഉത്തരവാദി മോദി സർക്കാരാണെന്ന് പ്രചരിപ്പിക്കുന്നു. ജനം ഇത് തിരിച്ചറിയും. ഭാരത ക്രൈസ്തവ സഹോദരങ്ങളോട് അടുപ്പം പുലർത്തുന്ന സർക്കാർ. എല്ലാവരോടും ആ അടുപ്പമുണ്ട്. കേന്ദ്ര സാംസ്കാരിക മന്ത്രിയെ കണ്ടു. ഇവിടം സാംസ്കാരിക കേന്ദ്രമാക്കി ഉയർത്താൻ ശ്രമം നടത്തുമെന്നും വി മുരളീധരൻ വ്യക്തമാക്കി.
പരിപാടിയിൽ മന്ത്രി വിഎൻ വാസവൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരൻ, സിറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, തോമസ് ചാഴിക്കാടൻ എംപി തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: venkaiah naidu 150th death anniversary of fr Kuriakose elias chavara