തിരുവനന്തപുരം: കെ-റെയിൽപദ്ധതിക്കെതിരെ എതിർപ്പുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി. പദ്ധതിക്ക് പിന്തുണ് തേടിയാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. മാധ്യമപിന്തുണ തേടി പത്രാധിപന്മാരുടെ യോഗവും സംഘടിപ്പിക്കും.ചൊവ്വാഴ്ച തിരുവനന്തപുരത്ത് പൗരപ്രമുഖരുടെ യോഗവും വിളിക്കുന്നുണ്ട്.
എല്ലാ ജില്ലകളിലും ഇത്തരത്തിൽ പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.കെ-റെയിൽ പദ്ധതിക്ക് പിന്തുണ തേടി സംസ്ഥാനത്ത് എല്ലാ വിഭാഗം ആളുകളെയും കാണുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ചഎല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന പൗരപ്രമുഖരുടെ യോഗത്തിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നത്. ചൊവ്വാഴ്ചരാവിലെ 11 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് പൗരപ്രമുഖരുമായും സാങ്കേതിക വിദഗ്ധരുമായിട്ടും മുഖ്യമന്ത്രി സംവദിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുമായിട്ടുള്ള യോഗം വിളിക്കുന്നതിനുള്ള തീരുമാനവും എടുത്തിരിക്കുകയാണ്.
കെ-റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് ശക്തമായ പ്രതിഷേധത്തിലാണ്. ബിജെപിയും പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ തേടുക, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. ഈ യോഗത്തിന്റെ തീയതി സംബന്ധിച്ചുള്ള തീരുമാനം എടുത്തിട്ടില്ല.
മാധ്യമ മേധാവികളുടെ പ്രത്യേക യോഗം വിളിച്ച് പദ്ധതിക്ക് മാധ്യമപിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ മാസം 25-നാണ് മാധ്യമ മേധാവികളെയും പത്രാധിപരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Content Highlights:chief minister to call meeting with political parties and media cheifs to discuss k-rail