ആലപ്പുഴ: ബി.ജെ.പി. ഒ.ബി.സി.മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ രണ്ട് എസ്.ഡി.പി.ഐ നേതാക്കൾകൂടി കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്ത ആലപ്പുഴ സ്വദേശികളായരണ്ട് എസ്.ഡി.പി.ഐ. പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
നേരത്തെ, കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്തയാളുടെ ബൈക്ക് പോലീസ് കണ്ടെടുത്തിരുന്നു. മുല്ലാത്തുവളപ്പ് വാർഡ് മാളികപ്പറമ്പുഭാഗത്തുനിന്നാണ് ബൈക്കു ലഭിച്ചത്. ഇതുസംബന്ധിച്ചു കൂടുതൽ പരിശോധന നടക്കുയാണ്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത രണ്ടുപ്രതികളെ ഞായറാഴ്ച വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. പെരുമ്പാവൂരിൽനിന്നു കഴിഞ്ഞദിവസം പിടികൂടിയ പ്രതികൾക്കാണു വൈദ്യപരിശോധന നടത്തിയത്.
രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരാണു നേരിട്ടുപങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ആറ് പേരെയാണ് ഇതുവരെ പിടികൂടിയത്. ശനിയാഴ്ച പിടിയിലായ നാലുപ്രതികളെയും റിമാൻഡുചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ടുപങ്കെടുത്ത പ്രതികളുടെ പേരും മേൽവിലാസവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരുടെ പേരുവിവരം വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയത്.
Content Highlights:Two more main accused nabbed by police in Renjith murder case