തിരുവനന്തപുരം
ക്ലാസ് മുറികളിൽ കോവിഡ് പ്രതിരോധം ശക്തമാക്കി തിങ്കൾമുതൽ കുട്ടികൾക്കും വാക്സിൻ. 15–-18 പ്രായക്കാർക്കുള്ള വാക്സിൻ വിതരണം രാവിലെ ഒമ്പതിന് ആരംഭിക്കും. വൈകിട്ട് അഞ്ചുവരെ വിതരണകേന്ദ്രങ്ങൾ പ്രവർത്തിക്കും. എല്ലായിടത്തും ഡോക്ടർമാരുടെ സേവനമുണ്ടാകും. വാക്സിനേഷന് പ്രത്യേക കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
15.34 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. കോവിഡ് ബാധിച്ചവർ മൂന്നു മാസം കഴിഞ്ഞ് എടുത്താൽ മതി. ഭക്ഷണം കഴിച്ചുവേണം വാക്സിനേഷന് എത്താൻ. ആധാർ കാർഡോ, അതില്ലെങ്കിൽ സ്കൂൾ തിരിച്ചറിയൽ രേഖയോ വേണം. രജിസ്ട്രേഷൻ ചെയ്ത ഫോൺ നമ്പരുള്ള മൊബൈൽ ഫോൺ കരുതണം. സമയമെടുത്താകും നടപടികൾ പൂർത്തിയാക്കുക. കൂടെ വരുന്നവർ തിരക്ക് കൂട്ടരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളോ അലർജിയോ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് വാക്സിൻ നൽകുക. തുടർന്ന് അര മണിക്കൂർ നിരീക്ഷിക്കും. ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ഉറപ്പായാൽ വീട്ടിലേക്ക് മടങ്ങാം. ആരോഗ്യവകുപ്പിന് പൂർണ സഹകരണവുമായി വിദ്യാഭ്യാസ വകുപ്പുമുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കുട്ടികളുടെ കേന്ദ്രങ്ങളിൽ പിങ്ക് നിറത്തിലുള്ള ബോർഡ് ഉണ്ടാകും. മുതിർന്നവരുടേതിന് നീല നിറത്തിലാകും ബോർഡുകൾ.
സ്റ്റോക്ക് 65,000 ഡോസ്
അറുപത്തയ്യായിരത്തോളം ഡോസ് കോവാക്സിനാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. കേന്ദ്രം പറഞ്ഞ അഞ്ചു ലക്ഷം ഡോസ് വാക്സിൻ എത്തുന്നതോടെ എല്ലാ കേന്ദ്രവും പൂർണതോതിൽ പ്രവർത്തിക്കും.