നിലമ്പൂർ> പുഴയിൽ കുളിക്കുന്നതിനിടെ കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു. നിലമ്പൂർ അമൽ കോളേജിലെ കായികാധ്യാപകൻ കണ്ണൂർ അലവിൽ നസീമ മൻസിലിൽ ഡോ. മുഹമ്മദ് നജീബ് (37)ആണ് മൈലാടി ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഞായർ രാവിലെ എട്ടോടെയാണ് അപകടം. കലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബെയ്സ് ബോൾ ടീം മാനേജറാണ് മുഹമ്മദ് നജീബ്.
ഭാര്യയുടെ മാതൃസഹോദരിയുടെ ഭർത്താവ് ഹുസൈൻ, അദ്ദേഹത്തിന്റെ ഉപ്പ ആഷിഖ് എന്നിവർക്കൊപ്പമാണ് നജീബ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ശരീരം തളർന്ന ആഷിഖിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നജീബ് മുങ്ങിയത്. ഹുസൈനും ആഷിക്കും ഒഴുക്കിൽപ്പെട്ടെങ്കിലും സമീപത്ത് കുളിക്കുകയായിരുന്ന നിലമ്പൂർ ചാരംകുളം സ്വദേശി ഷാജി രക്ഷപ്പെടുത്തി. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിൽ 9.20ഓടെയാണ് അപകടം നടന്ന കടവിനുസമീപത്തുനിന്ന് മുഹമ്മദ് നജീബിന്റെ മൃതദേഹം കണ്ടെടുത്തത്. അസമിൽ നടക്കാനിരിക്കുന്ന ദേശീയ ബെയ്സ് ബോൾ ചാമ്പ്യൻഷിപ്പിന് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിനെയും കൊണ്ട് ഞായറാഴ്ച വൈകിട്ട് പോകാനിരിക്കേയാണ് മരണം. ഉപ്പ: പരേതനായ അബ്ദുൾ മജീദ്. ഉമ്മ: നസീമ. ഭാര്യ: ഷംന. മകൾ: ദിയാ ഫാത്തിമ.