തിരുവനന്തപുരം: സംസ്ഥാനത്ത് 45 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂർ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ഒൻപതു പേർ ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നും 32 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. നാലു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ മൂന്നുപേർക്കും തൃശൂരിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.
എറണാകുളത്ത് എട്ടു പേർ യു.എ.ഇയിൽ നിന്നും മൂന്നുപേർ ഖത്തറിൽ നിന്നും രണ്ടുപേർ യു.കെയിൽ നിന്നും ഒരാൾ വീതം ഫ്രാൻസ്, ഫിലിപ്പീൻസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒൻപതു പേരും യു.എ.ഇയിൽ നിന്ന് വന്നതാണ്. തൃശൂരിൽ മൂന്നുപേർ യു.എ.ഇയിൽ നിന്നും ഒരാൾ സ്വീഡനിൽ നിന്നും എത്തിയതാണ്. പത്തനംതിട്ടയിൽ യു.എ.ഇയിൽ നിന്ന് രണ്ടു പേരും ഖസാക്കിസ്താൻ, അയർലൻഡ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും വന്നു. കോഴിക്കോട് ഒരാൾ വീതം യു.കെ., യുഗാണ്ട, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും മലപ്പുറത്ത് രണ്ട് പേർ യു.എ.ഇയിൽ നിന്നും വയനാട് ഒരാൾ യു.എ.ഇയിൽ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 152 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ആകെ 50 പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് 84 പേരും എത്തിയിട്ടുണ്ട്. 18 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാവരും അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ലോ റിസ്ക് രാജ്യങ്ങളിൽനിന്ന് വരുന്ന കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ ക്വാറന്റീൻ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഒരുതരത്തിലുള്ള സാമൂഹിക ഇടപെടലുകളും പാടില്ല. അവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ പൊതുചടങ്ങിൽ പങ്കെടുക്കുകയോ ചെയ്യരുത്. പൊതു സ്ഥലങ്ങളിൽ എല്ലാവരും എൻ 95 മാസ്ക് ധരിക്കണം. മാസ്ക് താഴ്ത്തി സംസാരിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.
content highlights:45 more tested positive for omicron in kerala