പാലക്കാട് > വികസനപദ്ധതികളെ തകർക്കാൻ ശ്രമിക്കുന്ന നിക്ഷിപ്ത താൽപര്യക്കാർക്ക് മുന്നിൽ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യമായ ദുർവാശി ഒരു കാര്യത്തിലുമില്ല. എന്നാൽ സർക്കാർ നാടിനെ മുന്നോട്ട് നയിക്കാൻ വേണ്ടിയുള്ളതാണ്. അപ്പോൾ എതിർക്കാൻ വരുന്ന ശക്തികളോട് കീഴ്പ്പെടുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. എന്നാൽ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ. വിരട്ടൽ ഇങ്ങോട്ട് വേണ്ട. നാട് മുന്നോട്ട് പോകണം. കാലം മുന്നോട്ട് പോകുമ്പോൾ എല്ലാ പ്രദേശങ്ങളും മുന്നോട്ട് പോകുകയാണ്. നമ്മൾ നിശ്ചലമായി നിന്നാൽ നാട് പിന്നോട്ടുപോകും. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഇപ്പോൾ വേണ്ട എന്നാണ് ചിലരുടെ നിലപാട്. ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ്?. പശ്ചാത്തലസൗകര്യ വികസനം നടന്നാൽ മാത്രമേ എല്ലാ മേഖലയിലും വികസനം വരൂ. യാത്രാസൗകര്യമില്ലെങ്കിൽ നിക്ഷേപകർ മടിച്ച് നിൽക്കും. എല്ലാ തൊഴിൽ സാധ്യതകളെയും ഇത് ബാധിക്കും. അതിന് സർക്കാർ നിന്നുകൊടുക്കില്ല. ജനവും അതാണ് ആഗ്രഹിക്കുന്നത്.
ഭരണഘടന സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാർ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. മതം നോക്കി പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാഹുൽ ഗാന്ധി ഞാൻ ഹിന്ദുവാണെന്ന് വലിയ റാലിയിൽ പറയുന്നു. ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്ന് പറയുന്നു. എന്താണ് അതിന് അർത്ഥമെന്ന് മുഖ്യമന്ത്രി ചോദിച്ചു. വർഗീയതയോട് എന്നും ഒത്തു പോവുകയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ നയം രാജ്യം തിരിച്ചറിഞ്ഞു. പല കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് കൂട്ടമായി ചേക്കേറുകയാണ്. ബിജെപിക്ക് പലരെയും സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.