തിരുവനന്തപുരം: കേന്ദ്രത്തിൽ കോൺഗ്രസ് തകർന്നാൽ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് സി.പി.ഐ. എം.പി. ബിനോയ് വിശ്വം. കോൺഗ്രസ് തകരുന്നിടത്ത്ആർ.എസ്.എസ്. സംഘടനകൾ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ, ബി.ജെ.പി.-ആർ.എസ്.എസ്. സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാലുണ്ടാകാൻ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തർക്കങ്ങളെല്ലാം ഇരിക്കത്തന്നെ ഞാൻ പറയുന്നു- കോൺഗ്രസ് തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കിൽ നെഹ്റുവിനെ ഓർത്തുകൊണ്ട് കോൺഗ്രസ് തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത്, എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.
സി.പി.ഐയുടെ രാഷ്ട്രീയ നിലപാടിന് അനുസൃതമായ സമീപനം തന്നെയാണ് പാർട്ടി ദേശീയ സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ബിനോയ് വിശ്വത്തിൻറെപ്രതികരണത്തിലുള്ളത്. 1964-ൽ പിളർപ്പുണ്ടാകുന്ന കാലത്തും സി.പി.ഐയ്ക്ക് കോൺഗ്രസിനോട് മൃദുസമീപനമായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പിയുടെ വളർച്ചയുടെ ഘട്ടത്തിൽ കോൺഗ്രസിനെ അവഗണിച്ചു കൊണ്ട് ദേശീയതലത്തിൽ ഒരു ബദൽ ഉണ്ടാക്കാനാവുമെന്ന് സി.പി.ഐ. കരുതുന്നില്ല.
എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. കോൺഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് 22-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ വലിയ ചർച്ച സി.പി.എമ്മിൽ നടന്നിരുന്നു. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന കരട് രാഷ്ട്രീയ പ്രമേയ രൂപവത്കരണ ചർച്ചയിലും സി.പി.എമ്മിനുള്ളിൽ ഈ വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ ഉടലെടുത്തിട്ടുണ്ട്.
ദേശീയ നേതൃത്വം ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ചില പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.കോൺഗ്രസിന് ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലാവാൻ കഴിയില്ലെന്നുംഇടതുശക്തികൾക്കാണ് അതിന് സാധിക്കുകയെന്നും പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞു.
ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനു പിന്നിൽ സംഘടനാപരമായ ചില കാരണങ്ങൾ കൂടിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ സി.പി.എമ്മിന്റെ ബി ടീം ആയി സി.പി.ഐ.മാറിയെന്നൊരു വിമർശനം പാർട്ടിക്കുള്ളിൽ വളരെ ശക്തമാണ്. എല്ലാക്കാര്യങ്ങളിലും സി.പി.എമ്മിന് ഒപ്പം നീങ്ങുന്ന നേതൃത്വമാണ് എന്ന വിമർശനവും പാർട്ടിക്കകത്ത് സജീവമാണ്. ഈ ഘട്ടത്തിൽ, എല്ലാക്കാര്യങ്ങളിലും സി.പി.എമ്മിന് ഒപ്പമല്ല തങ്ങളുടെ നിലപാട് എന്ന് വിളിച്ചുപറയേണ്ട ഉത്തരവാദിത്തം കൂടി നേതാക്കന്മാർക്കു വന്നു ചേർന്നിട്ടുണ്ട്. അത്തരം വിമർനങ്ങളെ കൂടി മുന്നിൽക്കണ്ടാവണം ബിനോയ് വിശ്വത്തിന്റെ പ്രതികരണമെന്നാണ് സൂചന.
content highlights:if congress crashes, left wing can not became an alternative- cpi mp binoy viswam