മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ആയി ചരിത്രം കുറിച്ച “സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹൻ ജിജു അശോകൻ്റെ “പുള്ളി” എന്ന പുതിയ ചിത്രത്തിലൂടെ ജയിൽപുള്ളിയാകുന്നു. ഉറുമ്പകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ദുൽഖർ സൽമാനാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. പുള്ളിയിലെ ദേവ് മോഹൻ്റെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ‘സൂഫിയും സുജാതക്കും’ ശേഷം ദേവ് മോഹൻ്റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള കൗതുകം നിറഞ്ഞ കാത്തിരിപ്പിലായിരുന്നു മലയാള സിനിമാലോകം. 100കോടി ബഡ്ജറ്റിൽ ചിത്രീകരിച്ച. തെലുങ്ക് ഹിറ്റ് മേക്കർ ഗുണശേഖർ സംവിധാനം ചെയ്ത ‘ശാകുന്തളം’ എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ നായകനായ ദുഷ്യന്തമഹാരാജാവിനെ അവതരിപ്പിക്കുന്നതും ദേവ് മോഹനാണ്.
അഞ്ച് ഭാഷകളിലായിറങ്ങുന്ന ചിത്രത്തിൽ സാമന്തയാണ് ദേവിൻ്റെ നായികയായെത്തുന്നത്. ലിയോ തദേവ്സിൻ്റെ പന്ത്രണ്ട് ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയചിത്രം തമിഴിലും തെലുങ്കിലുമായുളള നാലോളം പാൻ ഇന്ത്യൻ ചിത്രങ്ങൾ എന്നിങ്ങനെ വരും വർഷങ്ങളിൽ ദേവ്മോഹൻ നായകനായി ഒരുപിടി വമ്പൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ദേവ്മോഹൻ്റെ ആദ്യ തിയറ്റർ റിലീസായ “പുളളി” ഫെബ്രുവരിയിൽ വേൾഡ് വൈഡ് ആയി പ്രദർശനത്തിനെത്തുന്നു. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ ഒരുപിടി അഭിനേതാക്കൾ ദേവ് മോഹനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇതിനുപുറമേ കഴിവുറ്റ നിരവധി നാടകകലാകാരന്മാരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം ബിനു കുര്യൻ. ഈമയൗ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ച ദീപു ജോസഫാണ് ചിത്രസംയോജനം. സംഗീതം ബിജിബാൽ. കലാസംവിധാനം പ്രശാന്ത് മാധവ്. രാക്ഷസൻ, സുരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങൾക്ക് ത്രിൽസ് ഒരുക്കിയ വിക്കി മാസ്റ്ററാണ് ‘പുളളി’യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്. വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ് പി ആർ ഒ – എ എസ് ദിനേശ് , ആതിര ദിൽജിത്ത്.