കൊച്ചി > ഡിലിറ്റ് വിവാദത്തില്‍ കോൺഗ്രസിൽ തർക്കം രൂക്ഷമായി. സൂപ്പർ പ്രതിപക്ഷ നേതാവ് കളിക്കുന്നു എന്ന വിമർശനത്തിനിടെ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തി. മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാല്‍ താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന് സതീശൻ പ്രതികരിച്ചു.
“രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് താന്‍ പറയില്ല. ഏകീകൃതമായ അഭിപ്രായം താന്‍ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം’ -സതീശന് പറഞ്ഞു.
ഓരോ വിഷയത്തിലുമുള്ള ഇവരുടെ വ്യത്യസ്ത പ്രതികരണങ്ങൾ അനുയായികളും ഏറ്റെടുത്ത് പോരടിക്കുകയാണ്. സർക്കാരിനെതിരായ നീക്കങ്ങളിലും വിവാദങ്ങളിലും യഥാർഥ പ്രതിപക്ഷ നേതാവിന്റെ റോളിൽ ചെന്നിത്തലയാണെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. സ്വന്തംനിലയ്ക്ക് ചെന്നിത്തല നടത്തുന്ന ഇടപെടൽ ചോദ്യംചെയ്ത് സതീശൻ അനുകൂലികളും കളത്തിലിറങ്ങി. സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും അണികൾ ഏറ്റുമുട്ടുകയാണ്. വെറും എംഎൽഎ മാത്രമായ ചെന്നിത്തലയ്ക്ക് പൊതുപ്രശ്നങ്ങളിൽ അഭിപ്രായം പറയാനും വാർത്താസമ്മേളനം നടത്താനും എന്ത് അവകാശമെന്നാണ് സതീശൻപക്ഷം ചോദിക്കുന്നത്.
എന്നാൽ, സ്വന്തം മണ്ഡലത്തിനു പുറത്ത് വ്യാപകമായി ഇടപെട്ട് സതീശനെ മൂലയ്ക്കിരുത്താനാണ് ചെന്നിത്തലയുടെ നീക്കം. സർവകലാശാലാ വിഷയത്തിലും ആദിവാസി കോളനി സന്ദർശനത്തിലും ചെന്നിത്തലയ്ക്ക് ദുരുദ്ദേശ്യമാണെന്ന വികാരമാണ് സതീശനും കൂട്ടർക്കും. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയമുയർത്തുന്നത് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുമാണെന്നാണ് സതീശന്റെ വാദം.
ഡി ലിറ്റ് വിവാദത്തിൽ സർക്കാരിനെ വെട്ടിലാക്കാനും ബിജെപിയുടെ കൈയടി നേടാനായി ചെന്നിത്തല നീക്കം നടത്തിയപ്പോഴാണ് അത് തള്ളി ഗവർണറെ രൂക്ഷമായി വിമർശിച്ച് സതീശൻ രംഗത്തെത്തിയത്. ഡി ലിറ്റിന് നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും അങ്ങനെ ചെയ്തെങ്കിൽ തെറ്റാണെന്നും സതീശൻ തുറന്നടിച്ചു. ഇതോടെ ചെന്നിത്തല വെട്ടിലായി. പ്രതിപക്ഷ നേതാവുമായോ, നേതൃത്വവുമായോ ആലോചിക്കാതെ ചെന്നിത്തല നടത്തുന്ന ഒറ്റയാൻ പ്രവർത്തനം പാർടിക്ക് തിരിച്ചടിയാണെന്ന വികാരവും കോൺഗ്രസിൽ ശക്തമാണ്. നാലിനു ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ ഇക്കാര്യവും ഉയരും.