പോലീസ് നടപടിയെ തുടർന്ന് സ്റ്റീവ് ആസ് ബർഗിന് മദ്യം ഒഴിച്ചു കളയേണ്ടിവന്ന സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. സ്റ്റീവിനോട് മദ്യം വാങ്ങിയതിൻ്റെ ബിൽ ആവശ്യപ്പെട്ട പോലീസ് സംഘത്തിലെ മുന്ന് പേർക്കെതിരെയാണ് അച്ചടക്ക നടപടി. എസ്ഐ അനീഷ്, മനോഷ്, സജിത്ത് എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ നിർദേശം നൽകിയത്. വകുപ്പുതല അന്വേഷണത്തിന് വാക്കാലാണ് നിർദേശം നൽകിയത്.
മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുതലപ്പെടുത്തിയേക്കും. പോലീസ് നടപടിയിൽ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തി കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സാധാരണയായി നടത്തുന്ന വാഹന പരിശോധനയാണ് നടന്നതെങ്കിലും വിദേശിയുടെ കാര്യത്തിൽ ചില വീഴ്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്നാണ് സൂചന.
ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണ് കൈവശമുള്ളതെന്ന് വ്യക്തമായിട്ടും വിദേശിയെ തടഞ്ഞുവെച്ചെന്നും ഇത് ഗുരുതരമായ പിഴവാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ചയാണ് പോലീസ് പരിശോധനയെ തുടർന്ന് ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യം സ്റ്റീവ് ഒഴിച്ചു കളഞ്ഞത്.
മദ്യം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റീവിനെ തടയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സ്റ്റീവിൻ്റെ ബാഗിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി. ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണെന്ന് ഇയാൾ പറഞ്ഞെങ്കിലും ബിൽ കാണിക്കണമെന്ന് പോലീസ് പറഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്.
വാങ്ങിയ മദ്യത്തിൻ്റെ ബിൽ കാണിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ബിൽ കൈവശമില്ലെന്ന് സ്റ്റീവ് പോലീസിനോട് പറഞ്ഞു. ബിൽ ഇല്ലാതെ മദ്യം കൊണ്ട് പോകാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ വാങ്ങിയ മദ്യക്കുപ്പികളിലൊന്ന് സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളയുകയായിരുന്നു. ഇതിനിടെ സമീപത്തുള്ളവർ സംഭവം മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നിലപാട് മാറ്റി. മദ്യം കളയേണ്ടതില്ലെന്നും ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നുള്ള ബിൽ ഹാജരാക്കിയാൽ മതിയെന്നും പോലീസ് അറിയിച്ചു. എന്നാൽ, വാങ്ങിയ രണ്ട് കുപ്പി മദ്യവും സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളയുകയായിരുന്നു. മദ്യം ഒഴിച്ചുകളഞ്ഞ ശേഷം നിരപരാധിത്യം പോലീസിനെ ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബിൽ വാങ്ങി പോലീസിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.