നിയന്ത്രണങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷയിൽ അടുത്ത ദിവസം ചേരുന്ന അവലോകന യോഗമായിരിക്കും നിർണായക തീരുമാനമെടുക്കുക. രാത്രി പത്ത് മണിമുതൽ പുലർച്ചെ അഞ്ച് മണിവരെയാണ് നിയന്ത്രണങ്ങളുള്ളത്.
പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത്.
ദേവാലയങ്ങളിൽ അടക്കം രാത്രി പത്ത് മണിക്കു ശേഷം കൂടിച്ചേരലുകൾ പാടില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രികാല നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.
ഹോട്ടൽ, ബാർ, റസ്റ്റോറന്റ്, ക്ലബ്ബ് എന്നിവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിൽ സെക്കന്റ് ഷോ നടത്താൻ പാടുള്ളതല്ല. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദേശം.
അതേസമയം, കേരളത്തിൽ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍, കുട്ടികളുടെ വാക്‌സിനേഷന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയ്യാറാക്കുന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.