കൊച്ചി: കാലടി സർവകലാശാലയിൽ നടി ശോഭന ഉൾപ്പെടെ മൂന്നുപേർക്ക് ഡി ലിറ്റ് നൽകാനുള്ള ശുപാർശയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകിയിരുന്നു. അനുമതി നൽകിക്കൊണ്ടുള്ള രേഖയുടെ പകർപ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. നടി ശോഭന, ഡോ. എൻ.പി. ഉണ്ണി, ഡോ. ടി.എം. കൃഷ്ണ എന്നിവർക്ക് ഡി ലിറ്റ് നൽകാനായിരുന്നു സിൻഡിക്കേറ്റിന്റെ ശുപാർശ. ഇതിനാണ് ഗവർണർ അംഗീകാരം നൽകിയിരിക്കുന്നത്.
മൂന്നുപേർക്ക് ഡി ലിറ്റ് നൽകാനുള്ള കാലടി സർവകലാശാലയുടെ ശുപാർശയിൽ ഗവർണർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് എം.എൽ.എ. രമേശ് ചെന്നിത്തല ആരാഞ്ഞിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണം രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാത്തതാണ് എന്നത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് ആറു ചോദ്യങ്ങളാണ് കഴിഞ്ഞദിവസം രമേശ് ചെന്നിത്തല ഉന്നയിച്ചത്.
കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, അദ്ദേഹത്തിന്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്? ഈ പട്ടികയ്ക്ക് ഇനിയും ഗവർണറുടെ അസ്സന്റ് കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?- എന്ന ചോദ്യവും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ചെന്നിത്തലയുടെ ഈ ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ശോഭന, എൻ.പി. ഉണ്ണി, ടി.എം. കൃഷ്ണ എന്നിവർക്ക് ഡി ലിറ്റ് നൽകാനുള്ള ശുപാർശ ഗവർണർ അംഗീകരിച്ച രേഖയാണ് പുറത്തുവന്നിട്ടുള്ളത്. അനുമതി നൽകിയിരിക്കുന്ന രേഖയിലെ തീയതി നവംബർ മൂന്നാണ്. എന്നാൽ ഇതുവരെ ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടില്ല. ഗവർണർ സ്ഥലത്ത് ഇല്ലാതിരുന്നതിനാലും തിരക്കിലായിരുന്നതിനാലുമാണ് ചടങ്ങ് നടാക്കാത്തതെന്നാണ് സർവകലാശാല വ്യക്തമാക്കുന്നത്.
content highlights:governor has approved kalady universitys proposal to confer d litt to three persons