ദുബായ് > അണ്ടർ‐19 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ യുവനിര ചാമ്പ്യൻമാരായത്. മഴമൂലം 38 ഓവറായി വെട്ടി കുറച്ച മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 9 വിക്കറ്റിന് 106 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളു. മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാരാണ് ചെറിയ സ്കോറിന് ലങ്കയെ പിടിച്ചുകെട്ടിയത്. ഇന്ത്യയ്ക്കായി വിക്കി ഒസ്ത്വാള്‍ മൂന്ന് വിക്കറ്റും കൗശല്‍ താംബെ രണ്ടു വിക്കറ്റും നേടി.
ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 102 റൺസായി പുനർനിശ്ചയിച്ച വിജയലക്ഷ്യം 21.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അഞ്ച് റൺസെടുത്ത ഓപ്പണർ ഹർനൂർ സിങിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 67 പന്തില്‍ ഏഴ് ബൗണ്ടറി പുറത്താകാതെ അടക്കം 56 റൺസ് നേടിയ ആങ്ക്രിഷ് രഘുവന്‍ഷിയും 49 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ചേർന്ന് ഇന്ത്യയെ വിജയ തീരത്ത് എത്തിക്കുകയായിരുന്നു.