തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങിതാമസ സ്ഥലത്തേക്കുപോയ വിദേശവിനോദ സഞ്ചാരിയെ അവഹേളിച്ച് പോലീസ്. മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കിൽ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്നനിലപാട് എടുത്തു. ഇതോടെ വിദേശി മദ്യം റോഡരികിൽ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു. അതോടൊപ്പം പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡിൽ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃകകാണിക്കുകയും ചെയ്തു.
കോവളത്താണ് സംഭവം. സ്റ്റീവ് എന്ന വിദേശിക്കാണ് പുതുവർഷത്തലേന്ന് റോഡിൽ ദുരനുഭവം നേരിടേണ്ടി വന്നത്. കുറച്ച് ദിവസമായി കോവളത്ത് താമസിച്ചു വരികയായിരുന്ന സ്റ്റീവ് മുറിയിൽ പുതുവത്സരം ആഘോഷിക്കാനായാണ് ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങിയത്. ഇതിനിടെ റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റീവിനെ തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചു.
ബാഗിൽ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് വാങ്ങിയ രണ്ട് കുപ്പി മദ്യമുണ്ടായിരുന്നു. ഇതിന്റെ ബില്ല് പോലീസ് ചോദിച്ചെങ്കിലും ബില്ല് സ്റ്റീവ് കയ്യിൽ കരുതിയിരുന്നില്ല. ബില്ലില്ലെന്ന് അറിയിച്ചപ്പോൾ മദ്യം കൊണ്ടുപോകാൻ സാധിക്കില്ലെന്ന നിലപാടാണ് പോലീസ് എടുത്തത്. പോലീസ് കർശന നിലപാട് എടുത്തതോടെ അതിൽ ഒരു കുപ്പി മദ്യം സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളഞ്ഞു.
സമീപത്തുള്ള ചില ചെറുപ്പക്കാർ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നിലപാട് മാറ്റി. മദ്യം കളയേണ്ടതില്ലെന്നും ബില്ല് ഹാജരാക്കിയാൽ മതിയെന്ന് പോലീസ് പറഞ്ഞു. നിരപരാധിത്വം ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബില്ല് വാങ്ങിയെത്തിയ സ്റ്റീവ് അത് പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
Content Highlights:Police insult a foreign tourist who buys liquor from Bevco outlet