അമ്പലപ്പുഴ > ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അപകീർത്തി പരാമർശങ്ങൾക്കെതിരെ എച്ച് സലാം എംഎൽഎ വക്കീൽ നോട്ടീസയച്ചു. സുരേന്ദ്രൻ വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എച്ച് സലാമിനെതിരെ കള്ളവും തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമായ പ്രചാരണങ്ങൾ നിരന്തരം നടത്തുന്നതിനാലാണ് നിയമനടപടി ആരംഭിച്ചത്.
ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലുമുണ്ടായ കൊലപാതകങ്ങളെത്തുടർന്ന് ഡിസംബർ 21ന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സലാം എസ്ഡിപിഐക്കാരനാണെന്നും പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അപകീർത്തി പരാമർശങ്ങൾ നടത്തിയത്. 25ന് കോട്ടയത്ത് മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴും സുരേന്ദ്രൻ ഇതേ ആരോപണം ആവർത്തിച്ചു. നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും പറഞ്ഞു.
12-ാം വയസിൽ എസ്എഫ്ഐക്കാരനായി പൊതുരംഗത്തെത്തിയ എച്ച് സലാം 18-ാംവയസിൽ സിപിഐ എം അംഗമായി. പാർടിയുടെ മതനിരപേക്ഷ ആശയങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന നേതാവാണ്. 15 ദിവസത്തിനുള്ളിൽ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ അഡ്വ. ജി പ്രിയദർശൻ തമ്പി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസിൽ അറിയിച്ചു.