കുറച്ച് ദിവസമായി കോവളത്ത് താമസിക്കുകയായിരുന്ന സ്റ്റീവ് ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് തടയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സ്റ്റീവിൻ്റെ ബാഗിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി. ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണെന്ന് ഇയാൾ പറഞ്ഞെങ്കിലും ബിൽ കാണിക്കണമെന്ന് പോലീസ് പറഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്.
വാങ്ങിയ മദ്യത്തിൻ്റെ ബിൽ കാണിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ബിൽ കൈവശമില്ലെന്ന് സ്റ്റീവ് പോലീസിനോട് പറഞ്ഞു. ബിൽ ഇല്ലാതെ മദ്യം കൊണ്ട് പോകാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ വാങ്ങിയ മദ്യക്കുപ്പികളിലൊന്ന് സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളയുകയായിരുന്നു. ഇതിനിടെ സമീപത്തുള്ളവർ സംഭവം മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നിലപാട് മാറ്റി. മദ്യം കളയേണ്ടതില്ലെന്നും ബെവ്കോ ഔട്ട്ലെറ്റിൽ നിന്നുള്ള ബിൽ ഹാജരാക്കിയാൽ മതിയെന്നും പോലീസ് അറിയിച്ചു. എന്നാൽ, വാങ്ങിയ രണ്ട് കുപ്പി മദ്യവും സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളഞ്ഞു.
മദ്യം ഒഴിച്ചുകളഞ്ഞ ശേഷം നിരപരാധിത്യം പോലീസിനെ ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബിൽ വാങ്ങി പോലീസിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. പോലീസ് നടപടിയിൽ പരാതിയില്ലെന്ന് സ്റ്റീവ് വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വാങ്ങിയ മദ്യം നഷ്ടമായതിൽ ചെറിയ വിഷമം ഉണ്ടെന്ന് ഇയാൾ പറഞ്ഞു. അതേസമയം, പോലീസ് നടപടിയിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.