പറവൂർ> ദേശീയപാത 66നുള്ള സ്ഥലം എറ്റെടുക്കൽ പൂർത്തീകരിച്ച് മാർച്ച് മുപ്പതിനകം ദേശീയപാത അതോറിറ്റിക്ക് കൈമാറും. 17––ാം റീച്ചായ ഇടപ്പള്ളി–-മൂത്തകുന്നം –ഭാഗത്തെ 34 ഹെക്ടർ ഭൂമിയാണ് കൈമാറുന്നത്. എട്ട് വില്ലേജുകളിലെ ആറു പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായാണ് സ്ഥലം എടുക്കുന്നത്. ഇതോടെ മൂത്തകുന്നം – ഇടപ്പള്ളി ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമാകും.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പരാതികൾ ഏറെക്കുറെ പരിഹരിക്കാനായി. കൂനമ്മാവ്, തിരുമുപ്പം ഭാഗത്ത് അലൈൻമെന്റുമായി ബന്ധപ്പെട്ടുണ്ടായ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോട്ടുവള്ളി വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടത്. ഇവിടെ ഭൂമിയുടെ സർവേ പൂർത്തിയായി. വസ്തുവിന്റെ അസൽ രേഖകൾ സമർപ്പിക്കുന്നമുറയ്ക്ക് ഭൂ ഉടമകൾക്ക് പണം അനുവദിക്കുമെന്ന് സ്ഥലം ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ കെ പി ജയകുമാർ പറഞ്ഞു. ഇടപ്പള്ളിമുതൽ മൂത്തകുന്നംവരെയുള്ള ഭാഗത്തെ സ്ഥലത്തിന് 1200 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതിന്റെ നടപടി പുരോഗമിക്കുകയാണ്.