സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. സ്‌മാർട്ട് ഫോണിലൂടെയോ ഇൻ്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറിലൂടെയോ ഓൺലൈൻ രജിസ്ട്രേഷൻ നടപടി നടത്താം. വാക്സിൻ സ്വീകരിക്കുന്നതിനായി കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനാകും. രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
ഓൺലൈൻ മുഖേനെ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?
1.
എന്ന ലിങ്കിൽ പോയി ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവവർസെല്ഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യണം.
2. ക്ലിക്ക് ചെയ്തതിന് പിന്നാലെ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകണം. മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ നൽകിയ മൊബൈലിൽ ഒരു ഒടിപി നമ്പർ എസ് എം എസ് ആയി ലഭിക്കും. ആ ഒടിപി നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യണം.
3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തിൽ ആധാറോ സ്കൂൾ ഐഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പറും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. അതിന് ശേഷം രജിസ്റ്റർ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
4. ഇതോടെ ആ ആളുടെ പേരു രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സമാനമായ രീതിയിൽ ആഡ് മോർ എന്ന് നൽകി മറ്റ് മൂന്ന് പേർക്ക് കൂടി രജിസ്റ്റർ ചെയ്യാൻ സാധിക്കും.
വാക്സിനേഷനായി എങ്ങനെ അപ്പോയ്‌മെൻ്റ് എടുക്കാം?
1. വാക്സിൻ സ്വീകരിക്കാനുള്ള അപ്പോയ്‌മെൻ്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ വരുന്ന പേജിൽ താമസ സ്ഥലത്തെ പിൻ കോഡ് നൽകണം. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാൻ കഴിയും.
2. ഓരേ തീയതിയിലും വാക്സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താൽപ്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ്. അപ്പോൾ കൺഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയി ലഭിക്കും.
3. നിശ്ചിത കേന്ദ്രം ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം മൊബൈൽ നമ്പറും ഒടിപി നമ്പരും നൽകി കോവിൻ സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ്.
4. വാക്സിനേഷൻ നടക്കുന്നതുവരെ രജിസ് ട്രേഷൻ്റെയും അപ്പോയ്മെൻ്റ് നടപടിയുടെയും രേഖകൾ എഡിറ്റ് ചെയ്യാനാകും.
5. വാക്സിൻ സ്വീകരിക്കാൻ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പോകുമ്പോൾ രജിസ്റ്റർ ചെയത് പ്രിൻ്റ് കോപ്പിയോ എസ്എംഎസോ കാണിക്കണം. രജിസ്റ്റർ ചെയ്ത ഫോട്ടോ ഐഡി കയ്യിൽ കരുതണം.
കൗമാരക്കാർക്ക് പൂർണമായി ആധാർ ലഭ്യമല്ലാത്തതിനാൽ വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വാക്സിനായി രജിസ്റ്റർ ചെയ്യാനാകും. കൊവിഡ് രജിസ്ട്രേഷനായി തങ്ങൾ ഒരു തിരിച്ചറിയൽ രേഖ കൂടി കൊവിൻ പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് കൊവിൻ രജിസ്ട്രേഷൻ പോർട്ടൽ മേധാവി ഡോ. ആർ എസ് ശർമ വ്യക്തമാക്കിയിരുന്നു. പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.