ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയിൽ കോടതിയിലുണ്ടായ സ്ഫോടനത്തിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഗഗൻദീപ് സിങുമായി ബന്ധമുള്ള വനിത പോലീസ് ഉദ്യോഗസ്ഥയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പഞ്ചാബിലെ ഖാന്നാ പോലീസ് സൂപ്രണ്ടാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
എസ്.പി ഓഫീസിൽ കോൺസ്റ്റബിൾ റാങ്കിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അവരെ എൻ.ഐ.എയും പഞ്ചാബ് പോലീസും ചോദ്യം ചെയ്ത് വരികയാണ്.
നേരത്തെ പഞ്ചാബ് പോലീസിൽ ഉദ്യോഗസ്ഥനായിരുന്ന ഗഗൻദീപ് സിങ് 2019ൽ മയക്കുമരുന്ന് കേസിൽ പിടിയിലായതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. രണ്ട് വർഷം ജയിലിൽ കിടന്ന ഇയാൾ സെപ്തംബറിലാണ് ജയിൽമോചിതനായത്.
അതിനിടെ, ഗഗൻദീപ് സിങിന്റെ ബാങ്ക് അക്കൗണ്ടിൽ ഡിസംബർ മാസം മൂന്ന് ലക്ഷത്തോളം രൂപഗഡുക്കളായി നിക്ഷേപിച്ചതായി കണ്ടെത്തി. ഗഗൻദീപ് സിങുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മറ്റ് ചിലരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഡിസംബർ 23 നാണ് ലുധിയാനയിലെ ജില്ലാ കോടതിയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പ്രതിയായ ഗഗൻദീപ് സിങ് കൊല്ലപ്പെടുകയും അഞ്ച്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlights: Ludhiana court blast: Woman cop who was bombers aide suspended from duties















