കൊച്ചി > ജല മെട്രോയ്ക്കായി കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ ആദ്യത്തേത് കൈമാറി. ബോട്ട് ബാറ്ററിയിലും ഡീസൽ ജനറേറ്റർ പ്രവർത്തിപ്പിച്ചും ഓടിക്കാൻ കഴിയുന്നതാണ്. നൂറുപേർക്ക് യാത്ര ചെയ്യാം. കേരളത്തിൻ്റെ ഗതാഗത മേഖലയിൽ പുതിയ അദ്ധ്യായം രചിക്കാൻ പോകുന്ന കൊച്ചി വാട്ടർ മെട്രോ അധികം വൈകാതെ പ്രവർത്തനസജ്ജമാകും. 23 ബോട്ടുകളിൽ ആദ്യത്തേതാണ് കൈമാറുന്നത്. അഞ്ച് ബോട്ടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്.
പ്രായമായവര്ക്കു പോലും അനായാസം കയറി ഇറങ്ങാൻ സാധിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. കായല്പരപ്പിലൂടെ വേഗത്തില് പോകുമ്പോഴും ഓളം ഉണ്ടാക്കുന്നത് പരമാവധി കുറയ്ക്കുന്ന രീതിയിലാണ് ഘടന. വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിങ് കണ്ട്രോള് സെന്ററില്നിന്ന് ഓട്ടമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. വാട്ടർ ടെർമിനലുകളുടെ നിർമാണവും പൂർത്തിയാകുന്നു.
വൈറ്റില, കാക്കനാട് ടെർമിനലുകൾ അവസാനവട്ട മിനുക്കുപണിയിലാണ്. ജെട്ടികളുടെ നിർമാണവും ചെളി കോരി ആഴംകൂട്ടലും പൂർത്തിയായി. ഒഴുകും ജെട്ടികളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. ഹൈക്കോടതി, വൈപ്പിൻ, ഏലൂർ, ചേരാനല്ലൂർ, ചിറ്റൂർ ടെർമിനലുകളുടെ നിർമാണം ഏപ്രിലിൽ പൂർത്തിയാകും. 76 കിലോമീറ്റര് ദൂരത്തിൽ 38 ടെര്മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്വീസ് നടത്തുന്ന ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര് മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്.