തിരുവനന്തപുരം > ക്രിസ്തുമസ് -പുതുവത്സരാഘോഷവേളയില് മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വിപണനവും, ഉപഭോഗവും കൂടാന് സാധ്യതയുണ്ടെന്ന് മനസിലാക്കി എക്സൈസ് വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന സ്പെഷ്യല് എന്ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി റെക്കോര്ഡ് ലഹരിവേട്ടയാണ് നടത്തിയതെന്ന് മന്ത്രി എം വി ഗോവിന്ദന്. 2021 ഡിസംബര് നാല് മുതല് 2022 ജനുവരി മൂന്ന് വരെയാണ് ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങള് പ്രമാണിച്ച് സ്പെഷ്യല് എന്ഫോഴ്സ്മെന്റ് ഡ്രൈവ് ഏര്പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സ്പെഷ്യല് ഡ്രൈവിന്റെ ഭാഗമായി ഇതിനകം 358 എന് ഡി പി എസ് കേസുകളും, 1509 അബ്കാരി കേസുകളും കണ്ടെത്തി. ഇതിലൂടെ 522 കിലോഗ്രാം കഞ്ചാവ്, 3.312 കിലോഗ്രാം എം ഡി എം എ, 453 ഗ്രാം ഹാഷിഷ് ഓയില്, 264 ഗ്രാം നാര്ക്കോട്ടിക് ഗുളികകള്, 40 ഗ്രാം മെത്താംഫിറ്റമിന്, 3.8 ഗ്രാം ബ്രൗണ് ഷുഗര്, 13.4 ഗ്രാം ഹെറോയിന്, 543 ലിറ്റര് വാറ്റ് ചാരായം, 1072 ലിറ്റര് അന്യ സംസ്ഥാന മദ്യം, 3779 ലിറ്റര് ഐ എം എഫ് എല്, 33,939 ലിറ്റര് കോട എന്നിവ കണ്ടെടുത്തു. ഇതിന് പുറമെ അമരവിള എക്സൈസ് ചെക്പോസ്റ്റില് രേഖകളില്ലാതെ കടത്താന് ശ്രമിച്ച 15 ലക്ഷം രൂപ പിടിച്ചെടുത്ത് പാറശ്ശാല പോലീസിന് കൈമാറി. തമിഴ്നാട് അതിര്ത്തിയില് നെയ്യാറ്റിന്കര എക്സൈസ് സര്ക്കിള് ഓഫീസിലെ ഉദ്യോഗസ്ഥര് തമിഴ്നാട് പ്രൊഹിബിഷന് വിങ്ങുമായി ചേര്ന്ന് നടത്തിയ പരിശോധനയില് 72,77,200 രൂപ പിടിച്ചെടുത്ത് തമിഴ്നാട് പ്രൊഹിബിഷന് വിങ്ങിന് കൈമാറി. ഇതൊക്കെ എക്സൈസ് വകുപ്പ് ഉണര്ന്ന് പ്രവര്ത്തിച്ചതിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് വേലന്താവളം എക്സൈസ് ചെക്ക് പോസ്റ്റില്കൂടി കാറില് കടത്തിക്കൊണ്ടു പോകാന് ശ്രമിച്ച 188 കിലോഗ്രാം കഞ്ചാവ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥര് കണ്ടെത്തി. വയനാട് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില് 69 ഗ്രാം എം ഡി എം എ കണ്ടെത്തി. കണ്ണൂരിലെ ഇരിട്ടിയില് നിന്ന് ലോറിയിലും പിക്കപ്പ് വാനിലുമായി കടത്താന് ശ്രമിച്ച 220.2 കിലോഗ്രാം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങള് പിടികൂടി. ഡി ജെ പാര്ട്ടികളില് ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്പ്പെട്ടപ്പോള് അത്തരത്തിലുള്ള പാര്ട്ടികള് വ്യാപകമായി പരിശോധിച്ചു. തിരുവനന്തപുരം പൂവാറിലെ റിസോര്ട്ടിലെ ഡി ജെ പാര്ട്ടിയില് നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയില്, സിന്തറ്റിക് ഡ്രഗ് വിഭാഗത്തില് പെടുന്ന എല് എസ് ഡി, എം ഡി എം എ തുടങ്ങിയ മയക്കുമരുന്നുകള് പിടിച്ചെടുത്തു. പാര്സല് സര്വീസ് വഴിയും കുറിയര് സര്വീസ് മുഖേനയും മയക്കുമരുന്നുകള് വ്യാപകമായി അയക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ ഭാഗമായി നിരീക്ഷണം ശക്തിപ്പെടുത്തി. ഈ വഴി അയച്ച 13.4 കിലോഗ്രാം കഞ്ചാവ് പാറശ്ശാലയില് എക്സൈസ് ഉദ്യോഗസ്ഥര് പിടിച്ചു. എല്ലാ ജില്ലകളിലെയും ലൈസന്സ്ഡ് സ്ഥാപനങ്ങള് കര്ശനമായി പരിശോധിക്കുകയും ലൈസന്സ് വ്യവസ്ഥകള് കൃത്യമായി പാലിക്കാതെ പ്രവര്ത്തിക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സ്പെഷ്യല് എന്ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എല്ലാ ജില്ലകളിലും എക്സൈസ് ഹെഡ് ക്വാര്ട്ടേഴ്സിലും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയേയും ചുരുങ്ങിയത് മൂന്ന് മേഖലകളായി തിരിക്കുകയും ഓരോ മേഖലയിലും 24 മണിക്കൂറും സജീവമായി പ്രവര്ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സുകള് എക്സൈസ് ഇന്സ്പെക്ടറുടെ നേതൃത്വത്തില് രൂപീകരിക്കുകയും ചെയ്തു. എക്സൈസ് ചെക്ക് പോസ്റ്റുകളിലെ വാഹന പരിശോധന കര്ശനമാക്കി. കേരളത്തിലെ അതിര്ത്തി പ്രദേശങ്ങള് വഴിയുള്ള മയക്കുമരുന്നുകളുടെ കടത്ത് തടയുന്നതിനായി ചെക്ക്പോസ്റ്റുകള് വഴിയുള്ള പ്രവര്ത്തനങ്ങള്ക്ക് പുറമേ അയല് സംസ്ഥാനങ്ങളിലെ എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി ചേര്ന്ന് കംബൈന്ഡ് റെയ്ഡുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. വാഹന പരിശോധനയ്ക്ക് വേണ്ടി ബോര്ഡര് പട്രോളിങ് ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരോട് എല്ലാ ജന വിഭാഗങ്ങളും നല്ല രീതിയില് സഹകരിക്കുന്നുണ്ട്. ലഹരി മാഫിയയെ തകര്ക്കാനും പുതുതലമുറയെ മയക്കുമരുന്ന് ഉപയോഗത്തില് നിന്ന് മാറ്റി നിര്ത്താനുമുള്ള പ്രവര്ത്തനങ്ങള് തദ്ദേശ ഭരണ പ്രദേശങ്ങളിലടക്കം സജീവമാക്കാന് സാധിച്ചിട്ടുണ്ട്. ലഹരി സംബന്ധിച്ചുള്ള ഏതു വിവരവും 9447178000, 9061178000 എന്നീ കണ്ട്രോള് റൂം നമ്പറുകളില് അറിയിക്കാന് പൊതുജനങ്ങള് തയ്യാറാവണമെന്നും. പുതുവര്ഷത്തില് ലഹരി വിമുക്ത കേരളത്തിനായുള്ള പ്രവര്ത്തനങ്ങള് സജീവമാക്കുന്ന എക്സൈസ് വകുപ്പിന്റെ യത്നങ്ങളുമായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര് അഭ്യര്ത്ഥിച്ചു.