പാലക്കാട് > കേരളത്തിൽ യുഡിഎഫ് – ബിജെപി- ജമാഅത്തെ ഇസ്ലാമി കൂട്ട് ചേർന്ന് സർക്കാരിനെതിരെ നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനം വേണ്ട എന്ന നിലപാടാണ് ഇവർക്ക്. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ബിജെപി കെ റെയിലിനെതിരായ നീക്കം നടത്താമോ എന്ന് പരിശോധിക്കുന്നു. പ്രധാന പദ്ധതികളെ തടസപ്പെടുത്താനാണ് നീക്കം. യുഡിഎഫും ബിജെപിയും ഒരുമിച്ചാണ് കെ റെയിലിനെ തകർക്കാൻ ശ്രമിക്കുന്നത്. ഇതിനെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുണ്ട്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേരളത്തിന്റെ വികസന പദ്ധതികൾ തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൻറെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുകയാണ്. ഇസ്ലാമിക രാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമി പരിസ്ഥിതി വാദികളായി, ജനാധിപത്യ വാദികളായി വേഷം കെട്ടുന്നു. വർഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നു. മുസ്ലീം ലീഗ് മത തീവ്രവാദികളുമായി കൂട്ടുകൂടുകയാണ്. ബിജെപി വർഗീയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ലൗ ജിഹാദ് വിഷയം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് വിഷയത്തിൽ ലീഗ് പ്രകടനം നടത്തിയത് വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണ്. ലീഗ് – ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമായി സഹകരിക്കുകയാണ്. അവരുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോവുന്നു. ചിലർ സ്വത്വ രാഷ്ട്രീയം ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്നു. എന്നാൽ ഇതിനെയെല്ലാം അവഗണിച്ച് വികസനത്തിനൊപ്പം ജനം നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനം, ഗെയിൽ തുടങ്ങിയവ ഉദാഹരണമാണ്. ചെറിയ എതിർപ്പുകളെ പർവതീകരിക്കാൻ ആണ് ചില മാധ്യമങ്ങളുടെ ശ്രമം. നാടിന്റെ വികസനം ഉപേക്ഷിക്കാനാവില്ല. വികസനം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കും. പുനരധിവാസം നടപ്പിലാക്കും. ബിജെപിക്കെതിരെ ബദലുണ്ടെന്ന് കേരളം തെളിയിച്ചിരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.