തിരുവനന്തപുരം
ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ പുതുവർഷ ആഘോഷങ്ങൾക്കിടെ ആൾക്കൂട്ടം ഒഴിവാക്കാൻ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രിനിയന്ത്രണം വ്യാഴാഴ്ച നിലവിൽവന്നു. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവുണ്ട്. കെഎസ്ആർടിസി ദീർഘദൂര സർവീസിനെയും ബാധിക്കില്ല. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം. ഞായറാഴ്ചവരെ നിയന്ത്രണം തുടരും.
പൊലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണവും പരിശോധനയും കർശനമാക്കി. സെക്ടറൽ മജിസ്ട്രേട്ടുമാരും പൊതുഇടങ്ങളിൽ നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്.
രാത്രിനിയന്ത്രണം എന്തിന് ?
പുതുവർഷാഘോഷത്തിന് പൊതുജനം കൂടുതൽ പുറത്തിറങ്ങാനും അടുത്തിടപഴകാനുമുള്ള സാധ്യതയുള്ളതിനാൽ സമ്പർക്കം കുറയ്ക്കാനാണ് നാലുദിവസം രാത്രിനിയന്ത്രണം ഏർപ്പെടുത്തിയത്. അതിവ്യാപനശേഷിയുള്ള ഒമിക്രോൺ നിലവിൽ കേരളത്തിന് ആശങ്ക ഉണ്ടാക്കുന്നില്ലെങ്കിലും അതുകൂടി കണക്കിലെടുത്താണ് തീരുമാനം.