തലശേരി
തലശേരി കലാപത്തിൽ പ്രതിസ്ഥാനത്തുള്ള ആർഎസ്എസിനെയും ജനസംഘത്തെയും വെള്ളപൂശാൻ ജമാഅത്തെ ഇസ്ലാമി മുഖപത്രം. ബിജെപി നേതാവ് ഒ രാജഗോപാലിന്റെ ആത്മകഥ ആധാരമാക്കിയാണ് കലാപത്തിന്റെ പാപക്കറയിൽനിന്ന് സംഘപരിവാരത്തെ രക്ഷിക്കാനുള്ള മതരാഷ്ട്രവാദികളുടെ ശ്രമം.
തലശേരിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണവും ഭവിഷ്യത്തുകളും കേരളം ചർച്ച ചെയ്തതാണ്. കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമീഷനും ഉത്തരവാദികളെക്കുറിച്ച് കൃത്യമായ സൂചന നൽകി. 118 പേജുള്ള റിപ്പോർട്ടിൽ വിതയത്തിൽ കമീഷന്റെ പ്രധാന നിഗമനത്തിലും ഇത വ്യക്തം: ‘മാർക്സിസ്റ്റ് പാർടി നേതാക്കളാരും സംഘർഷത്തിൽ പങ്കാളികളായിരുന്നില്ലെന്ന കാര്യം അവിതർക്കിതമാണ്. കലാപത്തിൽനിന്ന് പിന്തിരിയാൻ ജനങ്ങളോട് അഭ്യർഥിച്ചത് 1971 ഡിസംബർ 29ന് വൈകിട്ട് കൊടികെട്ടിയ കാറിലെത്തിയ മാർക്സിസ്റ്റ് പ്രവർത്തകരാണെന്നതിനും തെളിവുണ്ട്’.
‘സിപിഐ എം മതനിരപേക്ഷ പാർടി’
കലാപത്തിനുശേഷം വിതയത്തിൽ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ സിപിഐ എമ്മിനെ ക്രൂശിക്കാനിറങ്ങിയവരുടെ പത്തിമടങ്ങി.
മാർക്സിസ്റ്റുകാർ മുസ്ലിംവിരോധം പ്രചരിപ്പിച്ചുവെന്ന മാധ്യമം പത്രത്തിന്റെ ആരോപണത്തിന് വിതയത്തിൽ കമീഷൻ 50 വർഷം മുമ്പേ മറുപടി നൽകി: ‘കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർടി മതനിരപേക്ഷ പാർടിയാണ്. അതിലെ അംഗങ്ങളിൽ മുസ്ലിങ്ങളുമുണ്ട്. അതൊരിക്കലും മുസ്ലിംവിരുദ്ധ നിലപാടെടുത്തിട്ടില്ല’. (ഖണ്ഡിക 211).
‘തലശേരിയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും നൂറ്റാണ്ടുകളായി സഹോദരങ്ങളെപോലെ ജീവിച്ചുവരികയായിരുന്നു. ആർഎസ്എസും ജനസംഘവും പ്രവർത്തനം തുടങ്ങിയതോടെയാണ് സ്ഥിതിഗതികളിൽ മാറ്റമുണ്ടായത്. അവരുടെ മുസ്ലിംവിദ്വേഷ പ്രചാരണവും അതിനോട് മുസ്ലിംലീഗ് എന്ന സംഘടനയുടെ പ്രതികരണങ്ങളും ഇതിനെ തുടർന്നുണ്ടായ അസ്വസ്ഥതയുമാണ് വർഗീയ സംഘർഷത്തിന് പശ്ചാത്തലമൊരുക്കിയത്’ (വിതയത്തിൽ കമീഷൻ റിപ്പോർട്ട്–-ഖണ്ഡിക 249).
അന്വേഷണം തുടങ്ങുംമുമ്പേ സർക്കാർ പാർടിയെ കുറ്റപ്പെടുത്തിയതിലും കലാപത്തിലെ നഷ്ടം കണക്കാക്കുന്ന അസസ്മെന്റ് കമ്മിറ്റിയിലും റിലീഫ് കമ്മിറ്റിയിലും പാർടി പ്രതിനിധികളെ ഉൾപ്പെടുത്താത്തതിലും പ്രതിഷേധിച്ച് സിപിഐ എം ബഹിഷ്കരിച്ച വിതയത്തിൽ കമീഷനാണ് ഈ നിഗമനത്തിലെത്തിയത്.