മുഹമ്മ> രണ്ട് അന്തര്‍ ദേശീയ പുരസ്കാരമുള്‍പ്പെടെ 25ഓളം ബഹുമതികള്‍ നേടിയ ചലച്ചിത്ര, ഡോക്കുമെന്ററി സംവിധായകന് ആലപ്പുഴ മുഹമ്മ സ്വദേശി സിബി യോഗ്യാവീട് (61) അന്തരിച്ചു. ശാലോം ടി വി യിലെ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്നു.
നവോദയ അപ്പച്ചന്റെ ശിഷ്യനായാണ് തുടക്കം. തീക്കടല്‍, പാലാട്ടു കുഞ്ഞിക്കണ്ണന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഇന്ത്യയിലെ ആദ്യ 70എം എം ചിത്രം പടയോട്ടം, ആദ്യ ത്രീ ഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്, സംഘം, മഹായാനം, തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്.
പൊലീസ് ഡയറി, ഈണം മറന്ന കാറ്റ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. പിന്നീട് ടെലിവിഷന്‍ മേഖലയിലേക്ക് വന്ന സിബി ആദ്യം സംവിധാനം ചെയ്ത ഒരു പ്രണയ കഥ ടെലിഫിലിമില്‍ ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് ഇദ്ദേഹത്തിന്റെ മകന് ചാണ്ടി നാനാര്‍ക്ക് ലഭിച്ചു.
ശാലോം ടി വി സീനിയര്‍ പ്രൊഡ്യൂസറായ ശേഷം ചെയ്ത അനാമിക ഡോക്യുമെന്ററി മികച്ച ടെലിഫിലിമിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. മദര്‍ സേവ് മീ ഡോക്മെന്ററിക്ക് ഗലീലിയന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഇന്ത്യയുടെ ഡാമിയന്‍ ഡോക്യുമെന്ററിക്ക് ഇന്റര്‍നാഷണല്‍ അവാര്‍ഡും ലഭിച്ചു. പാട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യ സീരിയല്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, ഇന്‍ഡോര്‍ റാണി, തപസ്വിനി വിശുദ്ധ ഏവു പ്രാസ്യ തുടങ്ങിയവയും ഇദ്ദേഹം സംവിധാനം ചെയ്തതാണ്.
മുഹമ്മയിലെ യോഗ്യാ വീട്ടില്‍ പരേതനായ ചാണ്ടിയുടെയും ആനിമ്മയുടെയും ഒമ്പത് മക്കളില്‍ അഞ്ചാമനാണ് സിബി യോഗ്യാവീട്. ഭാര്യ :റാണി. മക്കള്‍, ചാണ്ടി നാനാര് ( ശാലോം ടി വി ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ) അന്ന മരുമകള്‍ : ജിന്‍സ (യു കെ ). സംസ്ക്കാരം വെള്ളി പകല്‍ മൂന്നിന് മുഹമ്മ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തെരിയില്‍.