തിരുവനന്തപുരം > കേരളത്തിലെ ഐ ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ ‘പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവ’ത്തിന്റെ
(PQFF – 21) രജിസ്ട്രേഷന് ആരംഭിച്ചു. ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടര്ച്ചയായ പത്താം വര്ഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിലെ പ്രധാന ഐ ടി കേന്ദ്രങ്ങളായ ടെക്നോപാര്ക്ക്, ഇന്ഫോപാര്ക്ക്, സൈബര്പാര്ക്ക് എന്നിവിടങ്ങളിലടക്കം കേരളത്തിലെ 650ല് പരം IT കമ്പനികളില് മാറ്റുരയ്ക്കുന്ന ഈയൊരു ചലച്ചിത്രോത്സവത്തിലേക്ക് ഇന്ത്യയില് വിവിധ സ്ഥലങ്ങളില് ജോലി ചെയ്യുന്ന എല്ലാ ഐ ടി ജീവനക്കാര്ക്കും പങ്കെടുക്കാവുന്നതാണ്. പ്രതിധ്വനി സംഘടിപ്പിക്കുന്ന ഷോര്ട്ട് ഫിലിം ഫെസ്റ്റിവലിന്റെ (PQFF2021) ന്റെ പ്രദര്ശനവും പുരസ്കാരദാനവും 2022 ജനുവരി അവസാനം തിരുവനന്തപുരത്ത് ടെക്നോപാര്ക്കില് നടക്കും.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് Rs.11,111/- രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് Rs.5555/- രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടന്, നടി, ഛായാഗ്രാഹകന്, എഡിറ്റര് എന്നിവര്ക്കും പ്രത്യേക പുരസ്കാരങ്ങളുണ്ടാവും.
ഐ ടി ജീവനക്കാര് സംവിധാനം ചെയ്ത 350 ഇല് പരം ഹ്രസ്വ ചിത്രങ്ങള് മുന് വര്ഷങ്ങളിലായി ക്വിസ ഫിലിം ഫെസ്റ്റിവലില് മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ഷാജി എന് കരുണ്, വിനീത് ശ്രീനിവാസന്, അടൂര് ഗോപാലകൃഷ്ണന്, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തന്, അമല് നീരദ്, ഖാലിദ് റഹ്മാന്, വിധു വിന്സെന്റ് തുടങ്ങിയ പ്രശസ്തരാണ് അതിഥികളായി കഴിഞ്ഞ വര്ഷങ്ങളില് മേളയ്ക്ക് എത്തിയത്. പ്രശസ്ത സിനിമ നിരൂപകന് എം എഫ് തോമസ് ആയിരുന്നു ജൂറി ചെയര്മാന്.
നിര്മ്മിക്കപ്പെടുന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന് ഐടി ജീവനക്കാരന് ആയിരിക്കണം എന്നതാണ് PQFF-2021ല് പങ്കെടുക്കാനുള്ള പ്രധാന മാനദണ്ഡം. മുന്വര്ഷങ്ങളില് ക്വിസയില് പ്രദര്ശിപ്പിച്ച ചിത്രങ്ങളും പരിഗണിക്കപ്പെടുകയില്ല. മേളയിലേക്ക് ചിത്രങ്ങള് സമര്പ്പിക്കുവാനും നിയമാവലിയെ കുറിച്ച് കൂടുതല് അറിയുവാനും http://prathidhwani.org/Qisa21 എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.
2022 ജനുവരി 20 ആണ് മേളയിലേക്ക് ചിത്രങ്ങള് സമര്പ്പിക്കുവാനുള്ള അവസാന തീയതി.