അനീഷ് മുമ്പും പെൺകുട്ടിയെ കാണാൻ വീട്ടിൽ ചെന്നിട്ടുണ്ട്. ഈ വിവരം സൈമൺ ലാലനും അറിവുള്ളതാണ്. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച സൈമണിനോട് മുറിയിൽ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞു. എന്നിട്ടും വാതിൽ ചവിട്ടി തുറന്ന ശേഷം സൈമൺ അനീഷിനെ കുത്തുകയായിരുന്നു. അനീഷിന്റെ നെഞ്ചിലും മുതുകത്തുമാണ് കുത്തേറ്റത്. സൈമണിന്റെ മക്കളുടെ അറിവോടെയാണ് അനീഷ് വീട്ടിൽ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു.
മകനെ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനീഷിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു. വീട്ടിൽ പ്രശ്നമാണെന്ന് കോൾ വന്നതിനെത്തുടർന്നാണ് മകൻ വീടുവിട്ടിറങ്ങിയത്. ലാലന്റെ മകളോ ഭാര്യയോ ആകാം അനീഷിനെ ഫോണിൽ വിളിച്ചതെന്നും മാതാപിതാക്കൾ പറയുന്നു.
മകളുടെ മുറിയിൽ ശബ്ദം കേട്ടാണ് താൻ ഉണർന്നതെന്നും കള്ളനാണെന്നു കരുതിയാണ് അനീഷിനെ കുത്തിയത് എന്നുമായിരുന്നു സൈമൺ പോലീസിനോട് പറഞ്ഞത്. സൈമൺ തന്നെയാണ് പേട്ട പോലീസിൽ എത്തി താൻ കള്ളനാണെന്നു കരുതി ഒരാളെ കുത്തിയിട്ടുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടത്.
പോലീസ് എത്തി അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു. പ്രവാസിയായ സൈമൺ ഒന്നര വർഷം മുമ്പാണ് നാട്ടിലെത്തിയത്. പേട്ട ചായക്കുടി ലൈനിലെ ഏദൻ എന്ന വീട്ടിലെ മുകൾ നിലയിലാണ് സൈമണും കുടുംബവും താമസിച്ചിരുന്നത്. സൈമണിന്റെ വീട്ടിൽ നിന്നും പുലർച്ചെ ബഹളം കേട്ടിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.