തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ സൽഭരണസൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്സ്–– ജിജിഐ) പ്രകാരം മികച്ച ഭരണമുള്ള അഞ്ച് സംസ്ഥാനത്തിൽ കേരളവും.
18 സംസ്ഥാനമാണ് പട്ടികയിൽ ഇടംപിടിച്ചത്. അഞ്ചാം സ്ഥാനമാണ് കേരളത്തിന്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രിവൻസസ് വകുപ്പാണ് പട്ടിക പുറത്തിറക്കിയത്. 2019ലെ റിപ്പോർട്ടിൽ മുന്നിലുണ്ടായിരുന്ന കർണാടകം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നിവയെ പിന്നിലാക്കിയാണ് കേരളം മുന്നിലെത്തിയത്. വാണിജ്യ- വ്യവസായ മേഖലയിൽ മുന്നേറിയ കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇംപ്ലിമെന്റേഷൻ സ്കോർ 44.82ൽനിന്ന് 85 ആയി ഉയർത്തി. പഞ്ചാബിനു പുറമെ കേരളം മാത്രമാണ് ഈ സ്കോർ മെച്ചപ്പെടുത്തിയത്. വ്യവസായമേഖലയുടെ സംയുക്ത വാർഷിക വളർച്ചനിരക്ക് 2019-ൽ ഒന്ന് ആയിരുന്നത് 2021-ൽ 7.91 ആയി.
മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴിൽ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്കോർ മെച്ചപ്പെടുത്തി. പൊതുജനാരോഗ്യം, പരിസ്ഥിതി വിഭാഗങ്ങളുടെ റാങ്കിങ്ങിൽ കേരളം ഒന്നാം സ്ഥാനത്താണ്. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയിൽ മൂന്നാം സ്ഥാനവും നേടി.